മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത ‘ഹെലൻ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്ന ബെൻ നായികയായ ചിത്രമാണ് ഹെലൻ. അച്ഛൻ - മകൾ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലർ വിഭാഗത്തിലാണ് പെടുന്നത്. അന്നയ്ക്ക് അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്തെത്തി. സന്ത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.
'ഹെലൻ' എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.
അന്ന ബെൻ..
ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്സ്' കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.