'രജനികാന്ത്-ശ്രീദേവി കോംബോ പോലെ'; പ്രദീപിനെയും മമിതയെയും പ്രശംസിച്ച് സംവിധായകൻ, മയത്തിൽ തള്ളാൻ സോഷ്യൽ മീഡിയ

നിഹാരിക കെ.എസ്

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (09:30 IST)
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു എന്ന സിനിമയിലൂടെയാണ് മമിത ബൈജു കേരളത്തിന് പുറത്ത് താരമാകുന്നത്. നടിയുടെ ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രമാണ് ഡൂഡ്. പ്രദീപ് രംഗനാഥൻ നായകനായ സിനിമയുടെ സംവിധാനം നവാഗതനായ കീർത്തീശ്വരനാണ്. ദീപാവലിയ്ക്ക് സിനിമ സ്‌ക്രീനുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.
 
താൻ രജനികാന്തിനെ മനസിൽ കണ്ടെഴുതിയ ചിത്രമാണ് ഡൂഡ് എന്നാണ് കീർത്തീശ്വരൻ പറയുന്നത്. 30 വയസുള്ളപ്പോൾ രജനികാന്ത് എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാവുക എന്ന ചിന്തയോടെയാണ് താൻ സിനിമയുടെ തിരക്കഥയെഴുതിയെന്ന് അദ്ദേഹം പറയുന്നു. പ്രദീപ് തന്റെ കഥാപാത്രത്തിന് അനുയോജ്യനാണെന്നും കീർത്തീശ്വരൻ പറയുന്നു.
 
അതേസമയം ചിത്രത്തിലേക്ക് മമിതയെ കൊണ്ടു വരുന്നത് പ്രേമലുവിന് ശേഷമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രേമലു പുറത്തിറങ്ങും മുമ്പ് തന്നെ മമിതയെ ചിത്രത്തിലേക്ക് എത്തിച്ചിരുന്നു. സൂപ്പർ ശരണ്യയിലെ പ്രകടനം കണ്ടാണ് മമിതയെ തെരഞ്ഞെടുക്കുന്നതെന്നാണ് പ്രദീപ് പറയുന്നത്. സൂപ്പർ ശരണ്യയിലെ മമിതയുടെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു.
 
'സൂപ്പർ ശരണ്യ കണ്ടാണ് അവരെ കാസ്റ്റ് ചെയ്യുന്നത്. മമിത വന്നതോടെ, രജനികാന്തും ശ്രീദേവിയുമായിരുന്നുവെങ്കിൽ എങ്ങനെ ആകുമായിരുന്നുവോ അതുപോലെ തന്നെയായി സിനിമ' എന്നാണ് സംവിധായകൻ പറയുന്നത്. 
 
ഡൂഡ് പ്രണയകഥ മാത്രമല്ലെന്നും മാസ് എലമെന്റുമുള്ള സിനിമയാണെന്നും അദ്ദേഹം പറയുന്നു. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്ന സിനിമയിൽ ശരത്കുമാർ, രോഹിണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
 
അതേസമയം പ്രദീപിനേയും മമിതയേയും രജനിയോടും ശ്രീദേവിയോടും താരതമ്യം ചെയ്തതിന് സംവിധായകനെ സോഷ്യൽ മീഡിയ ട്രോളുകയും ചെയ്യുന്നുണ്ട്. സംവിധായകൻ ഒരു പൊടിയ്ക്ക് അടങ്ങണം, തള്ളുമ്പോൾ ലേശം മയത്തിൽ തള്ളാം, സ്വന്തം സിനിമയെ പ്രൊമോട്ട് ചെയ്യാൻ ഇങ്ങനൊന്നും പറയേണ്ടതില്ല, രജനിയും ശ്രീദേവിയും ഇതിഹാസങ്ങളാണ്, പ്രദീപും മമിതയും തുടക്കക്കാർ മാത്രമാണ്. ഇത്ര വലിയ താരതമ്യങ്ങളിലേക്ക് പോകുന്നത് അവർക്ക് തന്നെയാണ് ദോഷം ചെയ്യുകയെന്നും സോഷ്യൽ മീഡിയ പറയുന്നു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍