ധ്യാന്‍ ശ്രീനിവാസനൊപ്പം സിജു വില്‍സണ്‍, കോട്ടയം നസീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധേയരായ അമീന്‍, ഷഹബാസ് അടക്കമുള്ള യുവതാരങ്ങളാണ് അഭിനയിക്കുന്നത്. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സുമായി കണക്റ്റ് ചെയ്യുന്ന സിനിമയാകും ഡിറ്റക്ടീവ് ഉജ്ജ്വലനെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ മിന്നല്‍ മുരളിക്ക് സിനിമയുമായി ബന്ധമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലനും മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയത്തെയും സ്‌ക്രിപ്റ്റിനെയും പലരും പ്രശംസിക്കുന്നുണ്ട്. ”ഇത് പൊട്ടുമെന്ന് വിചാരിച്ചിരിക്കുന്നവര്‍ക്ക് കരയാം. ഒന്നൊന്നര തിരിച്ച് വരവുമായി ധ്യാന്‍ ശ്രീനിവാസന്‍. Weekend Cinematic Universe Begins! മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ തുടക്കം കൊള്ളാം. ഒരു നോര്‍മല്‍ ഡീറ്റക്റ്റീവ് കഥാപാത്രത്തെ വെച്ച് ഗ്രൗണ്ടഡ് ആയ കഥയില്‍ കോമഡിയില്‍ തുടങ്ങി ത്രില്ലും ട്വിസ്റ്റുമൊക്കെയായി നല്ലൊരു സിനിമ” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം സിനിമ മിന്നല്‍ മുരളിയുടെ ലോകവുമായി കണക്റ്റ് ചെയ്യുന്ന സിനിമയാകുമെന്നും ഡിറ്റക്ടീവ് ഉജ്ജ്വലനോട് ചേര്‍ന്നുകൊണ്ട് വീക്കെന്‍ഡ് സിനിമാസിന്റെ കൂടുതല്‍ സിനിമകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീക്കെന്‍ഡ് സിനിമാസ് നേരത്തെ അനൗണ്‍സ് ചെയ്ത ജാംബി എന്ന സിനിമയും ഉജ്ജ്വലന്റെ റിലീസിന് പിന്നാലെ പുറത്തിറങ്ങും. ഉജ്ജ്വലനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നാടന്‍ ഡിറ്റക്ടീവായ ഉജ്ജ്വലന്റെ കൂടുതല്‍ കേസന്വേഷണങ്ങളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. നവാഗതരായ രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.