ആനിമെ ക്രേസിൽ ഞെട്ടി ഇന്ത്യൻ സിനിമ, ഡീമൺ സ്ലെയർ: ഇൻഫിനിറ്റി കാസിൽ ആദ്യ ദിവസം കളക്റ്റ് ചെയ്തത് 13 കോടി!

അഭിറാം മനോഹർ

ശനി, 13 സെപ്‌റ്റംബര്‍ 2025 (10:44 IST)
ലോകമെമ്പാടും കാത്തിരുന്ന 'ഡീമണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസിലിന്റെ' ഇന്ത്യന്‍ റിലീസ് ആഘോഷമാക്കി സിനിമാ പ്രേമികള്‍. ജപ്പാനിലും മറ്റ് പല രാജ്യങ്ങളിലും ഒരു മാസം മുന്‍പ് തന്നെ പുറത്തിറങ്ങിയ സിനിമ ഇന്നലെയാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്.തന്‍ജിറോ, ഹഷിറമാര്‍, ഡീമണ്‍ സ്ലെയര്‍ കോര്‍പ്പ്‌സിലെ മറ്റു അംഗങ്ങള്‍ എന്നിവരെ മുസാന്‍ ഇന്‍ഫിനിറ്റി കാസിലിലേക്ക് കൊണ്ടുപോകുന്നതും അവിടെ വെച്ച് നടക്കുന്ന വലിയ യുദ്ധവുമാണ് സിനിമയുടെ പ്രമേയം.
 
ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും ജപ്പാനീസ്, ഇംഗ്ലീഷ് ഭാഷകളിലുമാണ് സിനിമ റിലീസ് ചെയ്തത്. ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ വിവിധ ഭാഷ പതിപ്പുകളില്‍ നിന്നും 13 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. സാക്‌നില്‍ക് വെബ്‌സൈറ്റിന്റെ കണക്കുകള്‍ പ്രകാരം ജാപ്പനീസ് പതിപ്പ് 7.5 കോടി രൂപയും ഇംഗ്ലീഷ് പതിപ്പ് 2.4 കോടി രൂപയും സ്വന്തമാക്കി. ഹിന്ദി പതിപ്പ് 2.75 കോടി രൂപയും തെലുങ്ക് പതിപ്പ് 20 ലക്ഷം രൂപയും തമിഴ് പതിപ്പ് 15 ലക്ഷം രൂപയും ബോക്‌സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തു. ഇന്ത്യയിലെ പല നഗരങ്ങളിലും പുലര്‍ച്ചെ 5 മണിമുതല്‍ സിനിമയുടെ ഫാന്‍ ഷോകള്‍ സംഘടിപ്പിച്ചിരുന്നു. ഇതാദ്യമായാണ് ഒരു ആനിമെ സിനിമയ്ക്ക് ഇന്ത്യയില്‍ ഇത്രയും ജനപ്രീതി ലഭിക്കുന്നത്.
 
 
 U/A 13+ സര്‍ട്ടിഫിക്കറ്റോടെ ഇന്ത്യയില്‍ നോ-കട്ട് വേര്‍ഷനാണ് റിലീസ് ചെയ്തിരിക്കുന്നത്. കൊവിഡ് കാലഘട്ടത്തില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ക്രഞ്ചിറോള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമാപ്രേക്ഷകര്‍ക്ക് ആനിമെ കൂടുതല്‍ പരിചയമായിരുന്നു. ഡിമോണ്‍ സ്ലെയര്‍, നരൂട്ടോ, വണ്‍ പീസ്, അറ്റാക്ക് ഓണ്‍ ടൈറ്റന്‍സ് എന്നീ ഷോകളാണ് ഇതില്‍ വലിയ ജനപ്രീതി നേടിയത്. കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമാപ്രേക്ഷകരിലെ കാഴ്ചയിലുണ്ടായ മാറ്റമാണ് ഡിമോണ്‍ സ്ലേയര്‍ക്ക് ഇത്രയും വലിയ സ്വീകാര്യത റിലീസ് ദിനത്തില്‍ ലഭിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍