ആദ്യ ദിന കളക്ഷൻ 1.55 കോടി, 10 ദിവസം പിന്നിടുമ്പോൾ സൂക്ഷ്മദർശിനി എത്ര നേടി?

അഭിറാം മനോഹർ

ചൊവ്വ, 3 ഡിസം‌ബര്‍ 2024 (12:35 IST)
ചെറിയ സിനിമയായെത്തി മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയചിത്രങ്ങളാകുന്ന രീതി ഇന്ന് മലയാള സിനിമയില്‍ പതിവാണ്. രോമാഞ്ചം,ഫാലിമി തുടങ്ങിയ സിനിമകളെല്ലാം പിന്തുടര്‍ന്ന ഈ പാതയിലൂടെയാണ് നസ്‌റിയയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമയും പോകുന്നത്. വലിയ പ്രമോഷനുകളില്ലാതെ നവംബര്‍ 22നാണ് സൂക്ഷ്മദര്‍ശിനി റിലീസ് ചെയ്തത്. ആദ്യദിനം തന്നെ ബോക്‌സോഫീസില്‍ നിന്നും 1.55 കോടി രൂപ സിനിമ നേടിയിരുന്നു.
 
 ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയതോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇതുവരെ സിനിമ ആഗോളതലത്തില്‍ 41.30 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 18.50 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 4.75 കോടിയും ഓവര്‍സീസില്‍ നിന്നും 18.05 കോടിയും സിനിമ സ്വന്തമാക്കി. നസ്‌റിയ, ബേസില്‍ ജോസഫ് എന്നിവര്‍ക്ക് പുറമെ ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍,കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ് തുടങ്ങിയ താരങ്ങളാണ് സിനിമയിലുള്ളത്.
 
 

വെബ്ദുനിയ വായിക്കുക