'കൂലി'ക്ക് കുട്ടികളെ കയറ്റില്ല, പ്രശ്‌നമുണ്ടാക്കി മാതാപിതാക്കള്‍; ഐനോക്‌സില്‍ തര്‍ക്കം

രേണുക വേണു

ശനി, 16 ഓഗസ്റ്റ് 2025 (16:26 IST)
Thrissur Inox

തൃശൂര്‍ ശോഭ സിറ്റിയിലെ ഐനോക്‌സില്‍ തിയറ്റര്‍ ജീവനക്കാരും സിനിമ കാണാനെത്തിയവരും തമ്മില്‍ തര്‍ക്കം. രജനികാന്ത് ചിത്രം 'കൂലി' കാണാന്‍ എത്തിയ പ്രേക്ഷകരാണ് അകാരണമായി തിയറ്റര്‍ ജീവനക്കാരോടു തട്ടിക്കയറിയത്. കുട്ടികളെ 'കൂലി' സിനിമ കാണുന്നതില്‍ നിന്ന് വിലക്കിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. 
 
എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ചിത്രമാണ് 'കൂലി'. അതിനാല്‍ തന്നെ 18 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമേ ഈ ചിത്രം തിയറ്ററില്‍ കാണാന്‍ സാധിക്കൂ. ഒട്ടേറെ വയലന്‍സ് രംഗങ്ങള്‍ ഉള്ളതുകൊണ്ടാണ് ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരില്‍ കൂടുതല്‍ പേര്‍ക്കൊപ്പവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടായിരുന്നു. എ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ട് കുട്ടികളെ അകത്തുകയറ്റാന്‍ സാധിക്കില്ലെന്ന് ഐനോക്‌സ് സുരക്ഷ ജീവനക്കാര്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. 
ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയ കുടുംബങ്ങള്‍ കുട്ടികളെ അകത്തുകയറ്റണമെന്ന് വാദിക്കുകയായിരുന്നു. പ്രായോഗികമായി അതിനു ബുദ്ധിമുട്ടുണ്ടെന്ന് തിയറ്റര്‍ ജീവനക്കാരും നിലപാടെടുത്തു. കുട്ടികളെ അകത്തുകയറ്റുന്നില്ലെങ്കില്‍ ടിക്കറ്റ് തുക തിരിച്ചുനല്‍കണമെന്നായി ആളുകള്‍. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തതുകൊണ്ട് ടിക്കറ്റ് തുക തിരിച്ചുനല്‍കാന്‍ സാധിക്കാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ട് തിയറ്റര്‍ ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു. തര്‍ക്കം പരിഹരിക്കാന്‍ പൊലീസിനും ഇടപെടേണ്ടിവന്നു. 
 
ഓണ്‍ലൈന്‍ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ക്കു ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. ഇത് ശ്രദ്ധിക്കാതെയാണ് പലരും കുട്ടികളെയും കൊണ്ട് ഇത്തരം സിനിമകള്‍ക്കു എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍