തമിഴകത്തിന്റെ തലൈവർ രജനികാന്ത് സിനിമയിലെത്തിയിട്ട് 50 വർഷം പൂർത്തിയാവുകയാണ്. 1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയിലെത്തുന്നത്. ഇപ്പോഴിതാ തന്റെ 50 വർഷത്തെ കലാ ജീവിതത്തിന് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടുള്ള രജനികാന്തിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ നയിനാർ നാഗേന്ദ്രൻ, എന്നിവർക്ക് രജനികാന്ത് പ്രത്യേകം നന്ദി അറിയിച്ചു. അതോടൊപ്പം, തന്റെ സിനിമ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മമ്മൂട്ടി, മോഹൻലാൽ, വൈരമുത്തു, ഇളയരാജ, മറ്റ് സഹപ്രവർത്തകർ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
തന്റെ ഈ കലാജീവിതത്തിലെ യാത്രയിൽ താങ്ങും തണലുമായി നിന്ന സിനിമ സുഹൃത്തുക്കൾക്കും തന്നെ ജീവിപ്പിക്കുന്ന ദൈവതുല്യരായ ആരാധകർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി എന്നും രജനികാന്ത് കുറിച്ചിട്ടുണ്ട്. ഓരോ പടവിലും കൂടെയുണ്ടായിരുന്ന ഈ വ്യക്തിത്വങ്ങളുടെയും ആരാധകരുടെയും പിന്തുണയാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.