Jayasurya: ജയസൂര്യയുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി

നിഹാരിക കെ.എസ്

വെള്ളി, 27 ജൂണ്‍ 2025 (13:18 IST)
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം എന്നാണ് പരാതിയിൽ പറയുന്നത്. ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്.
 
ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കര കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. ഇദ്ദേഹം പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ കൂടിയാണ്. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. 
 
ഇതിനിടിയിലാണ് ഇങ്ങനെ കയ്യേറ്റം നടന്നത്. ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്‍ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. സജീവനെ മര്‍ദ്ദിക്കുകയും ചെയ്‍തുവെന്നാണ് മനസ്സിലാകുന്നത്. കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‍തിട്ടുണ്ട്. കൊട്ടിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍