സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു, കേരളപിറവിക്ക് പ്രവർത്തനം ആരംഭിക്കും

ബുധന്‍, 18 മെയ് 2022 (17:08 IST)
സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം ‌നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കും. സി ‌സ്പേസ് എന്ന പേരിലാകും ഒടിടി പ്ലാറ്റ്‌ഫോം അറിയപ്പെടുകയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സർക്കാരിന്റെ കീഴിൽ ഇത്തരമൊരു സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളം.
 
തിയേറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ  ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
 
ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർദ്ദേശീയ പുരസ്ക്കാരം നേടിയതുമായ ചിത്രങ്ങൾക്ക് ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്നതിന് മുൻഗണന നല്‍കും. ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം 2022 ജൂൺ 1 മുതൽ കെ.എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും  ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍