മമ്മൂട്ടിയുടെ നായികയുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഒരു സീനെടുത്ത ശേഷം പ്രമുഖ നടിയെ പറഞ്ഞുവിട്ടു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

തിങ്കള്‍, 12 ജൂലൈ 2021 (10:11 IST)
മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് അഴകിയ രാവണന്‍. 1996 ഫെബ്രുവരി ഒന്‍പതിനാണ് സിനിമ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി വളരെ വ്യത്യസ്തമായ വേഷത്തിലാണ് അഴകിയ രാവണനില്‍ അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. എന്നാല്‍, തിയറ്ററുകളില്‍ സിനിമ വിജയമായിരുന്നില്ല. പില്‍ക്കാലത്ത് ടെലിവിഷനില്‍ വന്നതോടെ അഴകിയ രാവണനെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തിനു പില്‍ക്കാലത്ത് വലിയ ആരാധകരുണ്ടായി. 
 
അഴകിയ രാവണനില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ഭാനുപ്രിയയാണ്. അനുരാധ എന്ന കഥാപാത്രത്തെ ഭാനുപ്രിയ മികച്ച രീതിയില്‍ അവതരിപ്പിച്ചു. എന്നാല്‍, ഭാനുപ്രിയയെ തീരുമാനിക്കുന്നതിനു മുന്‍പ് ഈ കഥാപാത്രത്തിനായി കമല്‍ നടത്തിയ അന്വേഷണം വളരെ നീണ്ടതാണ്. 
 
അഴകിയ രാവണനില്‍ മമ്മൂട്ടിയുടെ നായികയായി ശില്‍പ ശിരോദ്കുമാര്‍ മുതല്‍ കനക വരെയുള്ള നടിമാരെ പരിഗണിച്ചു. അവസാനം ഗൗതമിയെ ഉറപ്പിക്കാനിരുന്നതാണ്. അപ്പോഴാണ് അനുരാധ എന്ന കഥാപാത്രത്തെ ചെയ്യാന്‍ തെലുഗു-കന്നഡ നടി മാലാശ്രീയെ മമ്മൂട്ടി നിര്‍ദേശിച്ചത്. തനിക്കൊപ്പം 'സൂര്യപുത്രലു' എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ച മാലാശ്രീ അനുരാധ എന്ന കഥാപാത്രത്തിനു ചേരുമെന്ന് മമ്മൂട്ടിക്ക് തോന്നി. കമല്‍ മമ്മൂട്ടിയുടെ നിര്‍ദേശം അംഗീകരിച്ചു. ഒടുവില്‍ മാലാശ്രീ സെറ്റിലെത്തി. എന്നാല്‍, മാലാശ്രീയെ കണ്ടതും കമല്‍ ധര്‍മസങ്കടത്തിലായി. അനുരാധ എന്ന കഥാപാത്രത്തിനു മാലാശ്രീയുടെ ലുക്ക് ചേരില്ലെന്ന് കമലിന് തോന്നി. 
 
വന്ന സ്ഥിതിക്ക് മാലാശ്രീയെ വച്ച് ഒരു സീനെടുത്തു നോക്കാന്‍ കമല്‍ തീരുമാനിച്ചു. എന്നാല്‍, മലയാളത്തിലെ ഒരു വാക്കു പോലും മാലാശ്രീക്ക് ശരിയായി ഉച്ചരിക്കാനാവുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവില്‍, മാലാശ്രീയോടു കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്‌നമാണെന്നു മാലാശ്രീക്കും ബോധ്യപ്പെട്ടു. അങ്ങനെ മാലാശ്രീ തിരിച്ചുപോയി. അതിനുശേഷമാണ് ഭാനുപ്രിയ അഴകിയ രാവണനിലേക്ക് എത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍