15,000ന്റെ സാരി 19,00 രൂപയ്ക്ക് തരാം, ആര്യയുടെ കാഞ്ചീവരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തട്ടിപ്പ്, പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം

അഭിറാം മനോഹർ

വ്യാഴം, 17 ജൂലൈ 2025 (17:31 IST)
Arya Babu
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നടിയും അവതാരകയുമായ ആര്യ ബഡായ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കാഞ്ചിവരം ബൂട്ടിക്കിന്റെ പേരിലാണ് ഓണ്‍ലൈനില്‍ തട്ടിപ്പ് നടന്നത്. 15,000 രൂപ വില വരുന്ന സാരി ഓഫര്‍ വിലയായ 1900 രൂപയ്ക്ക് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. പണം നഷ്ടപ്പെട്ടയാളില്‍ നിന്നാണ് ആര്യ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ താരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
 
നിരവധി പേര്‍ സമാനമായ തരത്തില്‍ ഇതേ തട്ടിപ്പില്‍ വീണതായാണ് വിവരം. താരത്തിന്റെ ബൂട്ടിക്കിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കാഞ്ചിവരത്തിന്റെ ഒറിജിനല്‍ പേജില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. പണമയക്കാനായി തട്ടിപ്പുകാരുടെ നമ്പറാണ് നല്‍കിയിരുന്നത്. ഇതില്‍ ബന്ധപ്പെടുന്നവര്‍ക്ക് പണം അയക്കാനുള്ള ക്യൂ ആര്‍ കോഡ് നല്‍കും. പണം അക്കൗണ്ടിലെത്തുന്നതോടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യും ഇതായിരുന്നു തട്ടിപ്പിന്റെ രീതി.പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞും വസ്ത്രങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. സംഘത്തിന് പിന്നില്‍ ബിഹാറില്‍ നിന്നുള്ളവരാണെന്നാണ് പോലീസ് സംശയിക്കുന്നത്.
 
തന്റെ ബൂട്ടിക്കിന്റെ പേരൊല്‍ ഇരുപതോളം വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായാണ് ആര്യ പറയുന്നത്. വ്യാജന്മാര്‍ക്കെതിരെ സൈബര്‍ സെല്ലിലും പാലാരിവട്ടം പോലീസ് സ്റ്റേഷനിലും താരം പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരില്‍ ഡോക്ടര്‍മാരും ജഡ്ജിമാരുമെല്ലാം ഉണ്ടെന്നാണ് ആര്യ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍