ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടിയാണ് ശാന്തി കൃഷ്ണ. വിവാഹത്തോടെയാണ് ശാന്തി കൃഷ്ണ അഭിനയം ഉപേക്ഷിച്ചത്. നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കാതെ പോയതില്‍ ഇപ്പോഴും നഷ്ടബോധം തോന്നുന്നുണ്ടെന്ന് നടി ശാന്തി കൃഷ്ണ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്. രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും രണ്ടിനും അധികം ആയുസ് ഉണ്ടായിരുന്നില്ല.
''എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ കിട്ടാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ട്. രണ്ട് കല്യാണം കഴിച്ചിട്ടും എന്റെ ആഗ്രഹം പോലൊരു പങ്കാളിയെ ലഭിച്ചില്ല എന്നൊരു വിഷമമുണ്ട്. അതൊരു നഷ്ടം തന്നെയാണ്. കൊടുക്കാന്‍ ഇപ്പോഴും ഒരുപാട് സ്‌നേഹം എന്റെ മനസില്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ അങ്ങനൊരാള്‍ എന്നെ മനസിലാക്കി ജീവിതത്തിലേക്ക് വന്നില്ല. ജീവിതത്തിന്റെ ഭാഗമാണ് ഇതൊക്കെ'' എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
തന്റെ മക്കളും കുടുംബവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നാണ് താരം പറയുന്നത്. ''ആ കുടുംബത്തില്‍ ജനിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. എന്റെ അച്ഛനെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. മക്കള്‍ എന്റെ നിധിയാണ്. അവരില്ലെങ്കില്‍ ഞാന്‍ ഇല്ല. അവര്‍ വന്നതോടെയാണ് ജീവിതത്തിലൊരു മോട്ടിവേഷനുണ്ടാകുന്നത്. എന്റെ സ്വത്താണ് അവര്‍. എന്റെ മകന്‍ എന്നെ സ്ഥിരമായി മോട്ടിവേറ്റ് ചെയ്യും. രണ്ട് പേരും പക്വതയുള്ളവരാണ്. എന്നെ അവര്‍ക്കറിയാം. അമ്മയുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം'' താരം പറയുന്നു.
''പ്രേമം അറിയാതെ സംഭവിക്കുന്നതാണ്. ആദ്യം ഫിസിക്കല്‍ അട്രാക്ഷന്‍ ഉണ്ടാകും. അദ്ദേഹം നല്ല സുന്ദരനായിരുന്നു. എനിക്ക് 19 വയസേയുള്ളൂ. വിവാഹം കഴിച്ചത് 20ാം വയസിലാണ്. കത്തൊക്കെ എഴുതിയിട്ടുണ്ട്. ബോംബെയില്‍ പോകുമ്പോള്‍ ഫോണ്‍ വിളിക്കും. ഫോണ്‍ ബെല്ലടിക്കുമ്പോള്‍ മനസൊക്കെ ബട്ടര്‍ഫ്‌ളൈസ് അടിക്കുന്നത് പോലെയാകും. ആരും കാണാതെ പോയെടുത്ത് സംസാരിക്കും. ടിപ്പിക്കല്‍ പ്രണയമായിരുന്നു. നോവലിലൊക്കെ വായിക്കുന്നത് പോലെ''.
''ആ പ്രായത്തില്‍ എന്താണ് യഥാര്‍ത്ഥം എന്താണെന്നോ ആകര്‍ഷണം എന്നാല്‍ എന്താണെന്നും അറിയില്ല. അച്ഛനും അമ്മയും എന്തു പറഞ്ഞാലും എന്താ എന്നാകും ചിന്ത. ഒരുപാട് പേര്‍ പറഞ്ഞു ഇപ്പോഴേ കല്യാണം കഴിക്കരുതെന്ന്. ശ്രീനാഥിനെയല്ലാതെ വേറെയാരേയും കല്യാണം കഴിക്കില്ലെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പിടി വാശിയായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മണ്ടത്തരമാണ്. പക്ഷെ അതാണ് ജീവിതം'' എന്നും ശാന്തി കൃഷ്ണ പറയുന്നു.