അവസാനം തിയേറ്ററിൽ ആളെ കൂട്ടി തമിഴ് സിനിമ, അരൺമനൈ 4 മൂന്ന് ദിവസം കൊണ്ട് നേടിയത്

അഭിറാം മനോഹർ

തിങ്കള്‍, 6 മെയ് 2024 (14:32 IST)
2024 മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ്ണ വര്‍ഷമാണെങ്കില്‍ 2024ലെ ആദ്യമാസങ്ങള്‍ തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും മോശം സമയമാണ്. മികച്ച വിജയങ്ങള്‍ സൃഷ്ടിക്കുന്ന സിനിമകളൊന്നും തന്നെ തിയേറ്ററുകളിലെത്താതിനാല്‍ പഴയ സിനിമകള്‍ റി റിലീസുകള്‍ ചെയ്താണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ നിലനില്‍ക്കുന്നത്. ഇടക്കാലത്ത് മലയാളം സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് നല്‍കിയ വലിയ വിജയമാണ് തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ക്ക് അല്പം പ്രാണന്‍ നല്‍കിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ പിന്നെയും പല മലയാള സിനിമകളും തമിഴ്നാട്ടില്‍ സ്വീകരിക്കപ്പെട്ടു.
 
അതിനാല്‍ തന്നെ പഴയ സിനിമകളും മലയാള സിനിമകളൂം അല്ലാതെ ഒരു തമിഴ് സിനിമയുടെ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു തമിഴ് ആരാധകര്‍. ഒടുവില്‍ സുന്ദര്‍ സി സംവിധാനം ചെയ്ത് നായകനായും അഭിനയിച്ച ഹൊറര്‍ കോമഡി സിനിമയായ അരണ്‍മനൈ 4ലൂടെ അത് സാധിച്ചെടുത്തിരിക്കുകയാണ് തമിഴ് സിനിമ. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ 4.65 കോടി രൂപ നേടിയ സിനിമയുടെ കളക്ഷന്‍ ശനിയാഴ്ച 6.65 കോടിയായി ഉയര്‍ന്നിരുന്നു. ഞായറാഴ്ച ഇതിലും കൂടുതല്‍ കളക്ഷന്‍ നേടിയതായി ട്രാക്കര്‍മാര്‍ പറയുന്നു. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം 7.50 കോടിയാണ് സിനിമ ഞായറാഴ്ച കളക്ട് ചെയ്തത്.
 
 ആദ്യ മൂന്ന് ദിവസം ഇന്ത്യയില്‍ നിന്നും 18.80 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു തമിഴ് സിനിമയ്ക്ക് കാര്യമായി പ്രേക്ഷകര്‍ ആകര്‍ഷിക്കാനാകുന്നത് എന്നതിന്റെ സന്തോഷത്തിലാണ് കോളിവുഡ്. തമന്നയും റാഷി ഖന്നയുമാണ് സിനിമയില്‍ സുന്ദര്‍ സിക്കൊപ്പം പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍