പൃഥ്വിരാജിന്‍റെ 'അന്ധാദൂൻ' റീമേക്ക് ഒരുങ്ങുന്നു, ജനുവരി 27ന് ഷൂട്ടിംഗ് തുടങ്ങും

കെ ആര്‍ അനൂപ്

ചൊവ്വ, 19 ജനുവരി 2021 (16:04 IST)
2018-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രം'അന്ധാദൂൻ' മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, അഹാന കൃഷ്ണ, മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൻറെ ഷൂട്ടിംഗ് ജനുവരി 27-ന് ആരംഭിക്കുമെന്നാണ് പുതിയ വിവരം. 
 
എറണാകുളമാണ് പ്രധാന ലൊക്കേഷൻ. പൃഥ്വിരാജും മമ്ത മോഹൻദാസും ചിത്രത്തിലുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കൊറോണ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ചിത്രീകരണം നീണ്ടു പോയതെന്നും ജനുവരി 27 തീയതി മുതൽ പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രീകരണത്തിനായി എത്തും എന്നുമാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
അതേസമയം മനു വാര്യർ സംവിധാനം ചെയ്യുന്ന കരുതിയുടെ ചിത്രീകരണം അടുത്തിടെയാണ് പൃഥ്വിരാജ് പൂർത്തിയാക്കിയത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പ്' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൃഥ്വിരാജിന് അടുത്തമാസം ആരംഭിക്കേണ്ടതുണ്ട്. മുരളി ഗോപിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഇന്ദ്രജിത്ത്, സൈജു കുറുപ്പ് ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിൻറെ ഭാഗമാണ്. അതേസമയം, ലാൽ ജോസിന്റെ മ്യാവൂ ചിത്രീകരണത്തിലാണ് മമ്ത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍