മലയാളത്തിലൂടെ സിനിമയിൽ അരങ്ങേറി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നിറഞ്ഞ് നിന്ന നടിയാണ് അമല പോൾ. നടിയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടെങ്കിലും 2023ൽ ജഗത് ദേശായിയെ വിവാഹം കഴിച്ചതോടെ അമല കുടുംബിനിയായി മാറി. ഒരു മകനുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രശസ്ത തമിഴ് നടി അനു ഹാസന് നൽകിയ അഭിമുഖത്തിൽ, തന്റെ ആദ്യകാല ജീവിതത്തെ കുറിച്ച്, പ്രത്യേകിച്ച് കുട്ടിക്കാലത്തെ കുറിച്ച്, അമല പോൾ മനസ്സ് തുറന്നു. എന്നും മനസ്സിലുള്ളത് തുറന്ന് പറയാൻ മടി കാണിച്ചിട്ടില്ലാത്ത അമല, തന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല എന്ന വെളിപ്പെടുത്തൽ നടത്തി. JFW ബിൻജ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നടി തന്റെ കുട്ടിക്കാലത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
ഏറെ ആഗ്രഹിച്ചിട്ടും, അച്ഛന്റെ സ്നേഹം അധികമൊന്നും അനുഭവിക്കാൻ തനിക്ക് ഭാഗ്യമുണ്ടായിട്ടില്ല എന്നാണ് അമല പോൾ പറഞ്ഞത്. എന്നാൽ തന്റെ പിതാവ് പോൾ, വളരെ നല്ലൊരു മനുഷ്യനായിരുന്നു എന്നും നടി കൂട്ടിച്ചേർത്തു. അച്ഛനെ അച്ഛന്റെ മാതാപിതാക്കൾ സ്നേഹിച്ചിരുന്നില്ലെന്നും അതിനാൽ തന്നെ തന്നോടുള്ള സ്നേഹം എങ്ങനെയാണ് പ്രകടമാക്കേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും നടി പറയുന്നു.
"എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഞാൻ എന്ത് പറയുക? അത്ര എളുപ്പമുള്ള ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. എന്നും ഒരുപാട് ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയുമാണ് അന്ന് എന്റെ ജീവിതം പോയത്. കുട്ടിക്കാലത്ത് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നു. അതിന് പ്രധാന കാരണം, എന്റെ അച്ഛൻ ഒരു വൈകാരികമായ നിലയ്ക്ക് ഞങ്ങളോട് അടുപ്പം കാട്ടാറില്ലായിരുന്നു എന്നതാണ്. പക്ഷെ അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു. വളരെ, വളരെ മനോഹരമായ ഒരു സോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു," അമല പോൾ വെളിപ്പെടുത്തി.
"പക്ഷെ അച്ഛൻ ഒരിക്കലും വൈകാരികമായി ഞങ്ങളോട് അടുക്കാത്തതിന്റെ കാരണം, അദ്ധേഹത്തിന്റെ അച്ഛൻ, അതായത് ഞങ്ങളുടെ മുത്തച്ഛൻ, അദ്ദേഹത്തോട് ഒരിക്കലും സ്നേഹം കാണിച്ചിട്ടില്ല എന്നതാവണം. അത് പാരമ്പര്യമായി കൈമാറി വരുന്ന കാര്യമാണല്ലോ. ട്രോമ എന്നത് തലമുറകൾ കൈമാറി വരുന്ന ഒരു കാര്യമല്ലേ. എന്റെ അച്ഛൻ സ്നേഹിക്കാൻ പഠിച്ചില്ല, കാരണം അദ്ദേഹത്തെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വേണ്ടത് പോലെ സ്നേഹിച്ചിട്ടില്ല. സ്നേഹം കിട്ടിയാൽ അല്ലെ, അത് എങ്ങനെ കൊടുക്കണം എന്ന് അറിയാൻ കഴിയൂ," അമല പോൾ പറഞ്ഞു.
"അത് കൊണ്ടാവണം... പിന്നെ ഞാൻ ഒരു പെൺകുട്ടിയാണല്ലോ. പെൺകുട്ടികൾക്ക് അച്ഛനോട് പ്രത്യേക സ്നേഹമല്ലേ. അത് കൊണ്ട് ഞാൻ എപ്പോഴും എന്റെ അച്ഛന്റെ സ്നേഹം പിടിച്ചു പറ്റാനും, അംഗീകാരം നേടാനും വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരുന്നു. കാരണം, ആ പ്രായത്തിൽ എപ്പോഴോ എന്റെ മനസ്സിൽ തോന്നി തുടങ്ങി, അച്ഛന് എന്നോട് സ്നേഹമില്ലെന്ന്. കുട്ടിക്കാലത്ത് ഈ സൈക്കോളജി ഒന്നും നമുക്ക് അറിയില്ലല്ലോ. എനിക്ക് ഇന്നും ഓർമയുണ്ട്, കുട്ടിക്കാലത്ത് ഞാൻ എപ്പോഴും "അച്ഛന് എന്താ എന്നെ ഇഷ്ടമല്ലാത്തത്" എന്ന് സ്വയം ചോദിച്ചു കൊണ്ടേയിരിക്കുമായിരുന്നു. പക്ഷെ അദ്ധേഹത്തിന്റെ പ്രശ്നം, സ്നേഹം പ്രകടിപ്പിക്കാൻ ആവുന്നില്ല എന്നുള്ളതായിരുന്നു," അമല ഓർത്തെടുത്തു.
2020ൽ, വളരെ കാൻസർ രോഗവുമായി വളരെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് അമല പോളിന്റെ പിതാവ് പോൾ വർഗീസ് അന്തരിച്ചത്. തന്റെ പപ്പയുടെ മരണത്തോടെ താനും അമ്മയും വിഷാദ രോഗത്തിന്റെ വക്ക് വരെ എത്തിയെന്നും, അങ്ങനെയാണ് താൻ ആത്മീയതയിലേക്ക് തിരിഞ്ഞതെന്നും, മുൻപൊരു അഭിമുഖത്തിൽ അമല വെളിപ്പെടുത്തിയിരുന്നു.