ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസായി തിയേറ്ററിലെത്തിയ സിനിമ വമ്പൻ ഹിറ്റായിരുന്നു. നസ്‌ലെൻ, ഗണപതി, ലുക്മാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഈ മാസം പകുതിയോടെ ഒടിടി സ്ട്രീമിങ്ങിന് എത്തും. ജിയോ ഹോട്ട്സ്റ്റാറാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 70 കോടിയിലധികം രൂപയാണ് നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 20 മലയാളം സിനിമകളുടെ കൂട്ടത്തിൽ ഉടൻ ആലപ്പുഴ ജിംഖാനയും ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഈ ലിസ്റ്റിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ നസ്‌ലെൻ ചിത്രമാകും ഇത്. 130 കോടി നേടിയ പ്രേമലു നിലവിൽ ലിസ്റ്റിൽ എട്ടാം സ്ഥാനത്തുണ്ട്.
ഇന്ത്യയിൽ നിന്ന് ആലപ്പുഴ ജിംഖാന 42.47 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. സ്‌പോര്‍ട്‌സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയുടെ മേക്കിങ്ങിനും ബോക്സിങ് സീനുകൾക്കും നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.