നായകന്റെ നീല നിറത്തില്‍ മാറ്റം, 27 കട്ടും: എന്നിട്ടും അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡ് 2ന് എ സര്‍ട്ടിഫിക്കറ്റ്

ബുധന്‍, 2 ഓഗസ്റ്റ് 2023 (17:03 IST)
അക്ഷയ്കുമാര്‍ ചിത്രമായ ഓ മൈ ഗോഡ് 2 എന്ന ചിത്രം റിലീസ് ചെയ്യണമെങ്കില്‍ ചില ഭേദഗതികള്‍ വരുത്തണമെന്ന് അണിയറപ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തിയും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
 
ചിത്രത്തില്‍ അക്ഷയ്കുമാര്‍ നീല നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ നീക്കം ചെയ്യുകയോ കളര്‍ ടോണ്‍ മാറ്റുകയോ ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. അക്ഷയ് കുമാര്‍ പരമശിവനായെത്തുന്നതിന് പകരം ദൈവദൂതന്‍ എന്ന നിലയില്‍ അക്ഷയ്കുമാറിന്റെ കഥാപാത്രത്തെ മാറ്റണമെന്നാണ് ബോര്‍ഡ് മുന്നോട്ട് വെച്ച മറ്റൊരു നിര്‍ദേശം. ചിത്രത്തില്‍ നാഗസന്യാസിമാര്‍ നഗ്‌നരായി കുംഭമേളയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളുണ്ട്. ഈ രംഗങ്ങളിൽ മറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം മദ്യപിക്കുന്ന രംഗങ്ങള്‍, ഗര്‍ഭനിരോധന ഉറയുടെ പരസ്യമുള്ള രംഗം, എലി വിഷത്തിന്റെ കുപ്പിയിലെ ലേബലിലുള്ള എലി എന്ന വാക്ക്, ഭഗവത് ഗീതയെ പറ്റിയും വേദങ്ങളെയും ഉപനിഷത്തുകളെയും മഹാഭാരത കഥാപാത്രങ്ങളെ പറ്റിയുള്ള സംഭാഷണങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്ത രംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
 
ചിത്രത്തിലെ 13 മിനിറ്റോളം വരുന്ന ഭാഗങ്ങളാണ് ഇത്തരത്തില്‍ മുറിച്ച് നീക്കിയത്. 2 മണിക്കൂര്‍ 36 മിനിറ്റാണ് സിനിമയിലെ ഇപ്പോഴത്തെ ദൈര്‍ഘ്യം. 2012ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമായെത്തുന്ന ചിത്രത്തില്‍ യാമി ഗൗതം, പങ്കജ് ത്രിപാഠി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ശ്രീകൃഷ്ണനായാണ് അക്ഷയ് കുമാര്‍ അഭിനയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍