സുരേഷുമായി പ്രണയവും വിവാഹവും; കുഞ്ഞ് ജനിച്ചത് വിവാഹമോചന ശേഷം, ആ രഹസ്യം ഇപ്പോഴും പുറത്തുപറയാതെ രേവതി

വ്യാഴം, 8 ജൂലൈ 2021 (10:08 IST)
മലയാളികളുടെ പ്രിയതാരമാണ് രേവതി. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച് രേവതി വെളിപ്പെടുത്തുന്നത്. 
 
വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി. 
 
'ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ ലഭിച്ചതാണെന്നുമൊക്കെ സംസാരമുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു കാര്യം പറയാം ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ,' രണ്ട് വര്‍ഷം മുന്‍പ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു. ഒരു കുട്ടി വേണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടപ്പിലാക്കാനുള്ള ധൈര്യം കുറേ കഴിഞ്ഞാണ് ലഭിച്ചതെന്നും അന്ന് രേവതി പറഞ്ഞിരുന്നു. 
 
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് രേവതിയുടെ വിവാഹം. ക്യാമറമാനും സംവിധായകനുമായ സുരേഷ് മേനോനെയാണ് 1986 ല്‍ രേവതി വിവാഹം കഴിച്ചത്. എന്നാല്‍, പിന്നീട് ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് 2002 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തി. അതും കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേവതിക്ക് കുഞ്ഞ് പിറന്നത്. 

രേവതി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോള്‍ താരത്തിന് 51 വയസ്സായി. ആശാ എന്നാണ് രേവതിയുടെ യഥാര്‍ഥ പേര്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍