ഇന്ത്യൻ സിനിമ ഇന്ന് ഭരിക്കുന്നത് ഷാരൂഖ്,സൽമാൻ,ആമിർ എന്നിങ്ങനെ മൂന്ന് ഖാൻമാർ ചേർന്നാണെന്ന് പറഞ്ഞാൽ അത് ഒരിക്കലും ഒരു അതിശയോക്തിയാവില്ല. ഇന്ത്യൻ സിനിമയിലെ ഇന്നത്തെ ഈ സൂപ്പർതാരങ്ങൾക്ക് മുൻപ് തന്നെ സൂപ്പർ താരമായ ഖാൻ ആയിരുന്നു മരണപ്പെട്ട ദിലീപ് കുമാർ. ബോളിവുഡിലെ ആദ്യ ഖാൻ, ബോളിവുഡിന്റെ വിഷാദ നായകൻ എന്നീ വിശേഷണങ്ങൾ സ്വന്തമാക്കിയ അതുല്യ പ്രതിഭ.
1944ൽ ജ്വാർ ഭാത എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച യൂസുഫ് ഖാൻ എന്ന ദിലീപ് കുമാർ അഞ്ച് പതിറ്റാണ്ടുകൾ നീണ്ടുനിന്ന തന്റെ സിനിമാജീവിതത്തിൽ ചെയ്‌തത് 62 സിനിമകൾ. പദ്‌മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുള്ള പ്രതിഭ തന്നെയാണ് ആദ്യമായി ഫിലിം ഫെയർ പുരസ്‌കാരം സ്വന്തമാക്കിയ നടൻ.
1955ൽ ബിമയ് റോയ് സംവിധാനം ചെയ്‌ത ദിലീപ് കുമാർ ചിത്രം ഇന്ത്യയെങ്ങും വൻവിജയമായിരുന്നു. ദേവ്‌ദാസ് പിന്നീടും പല സിനിമ ആഖ്യാനങ്ങൾക്കും രൂപം നൽകിയെങ്കിലും ഏറെകാലം ദേവ്‌ദാസ് എന്ന വിഖ്യാത കഥാപാത്രത്തിന് ദിലീപ് കുമാറിന്റെ മുഖം തന്നെയായിരുന്നു. വിഷാദ നായകൻ എന്ന വിളിപ്പേരുണ്ടെങ്കിലും ഹാസ്യനടനായും അദ്ദേഹം തിളങ്ങി. ദേവദാസ്, മുഗൾ ഇ അസം, മധുമതി, ക്രാന്തി,ശക്തി, കര്‍മ്മ, സൗദാഗര്‍ അടക്കം അഭിനയശൈലി അടയാളപ്പെടുത്തിയ നിരവധി അദ്ദേഹത്തിന്റേതായി പുറത്തുവന്നു.
1976 മുതൽ അഞ്ച് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നു. 1981-ൽ വീണ്ടും ക്രാന്തി എന്ന സിനിമയിലൂടെ തിരിച്ചുവന്നു. 1998-ൽ ഡബിൾ റോളിലെത്തിയ ക്വിലയായിരുന്നു അവസാനചിത്രം. അന്നത്തെ ബോളിവുഡിനെ സ്വപ്‌നനായികമാരിൽ ഒരാളായിരുന്ന മധുബാലയുമായി അടുത്തബന്ധമുണ്ടായിരുന്നുവെങ്കിലും 1966ൽ അഭിനേത്രി കൂടിയായ സൈറ ബാനുവിനെയാണ് ദിലീപ്‌കുമാർ വിവാഹം ചെയ്‌തത്.