പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യകിരണ്‍(48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത അരസി എന്ന സിനിമ റിലീസിന് തയ്യാറെടുക്കവെയായിരുന്നു മരണം.
ഇന്ത്യയിലെ തന്നെ ആദ്യ ത്രീ ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. 1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കന്‍ ഒരു പെണ്ണ് എന്ന സിനിമയിലാണ് സൂര്യകിരണ്‍ ആദ്യമായി ബാലതാരമായി അഭിനയിച്ചത്. മൗന ഗീതങ്ങള്‍,പഠിക്കാത്താവന്‍ തുടങ്ങി ബാലതാരമായി 200ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
2003ല്‍ സത്യം എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് തിരിഞ്ഞ സൂര്യകിരണ്‍ ധന51,ബ്രഹ്മാസ്ത്രം,രാജു ഭായി,ചാപ്റ്റര്‍ 6 എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2020ലെ ബിഗ്‌ബോസ് തെലുങ്ക് സീസണിലെ മത്സരാര്‍ഥിയായിരുന്നു. നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. എന്നാല്‍ ഈ വിവാഹബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല. വിവാഹത്തിന് ശേഷം പൊതുയിടങ്ങളില്‍ നിന്നും അകന്ന് നിന്നിരുന്ന സൂര്യകിരണ്‍ ബിഗ്‌ബോസിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മലയാളത്തിലടക്കം നിരവധി സിനിമകളില്‍ നായികയായ നടി സുജിത സൂര്യകിരണിന്റെ സഹോദരിയാണ്.