Asif Ali: അമ്മയിൽ നിന്നും മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം; മാറ്റം നല്ലതിനാണെന്ന് ആസിഫ് അലി

നിഹാരിക കെ.എസ്

ഞായര്‍, 17 ഓഗസ്റ്റ് 2025 (12:20 IST)
താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ​നടൻ ആസിഫ് അലി. അമ്മയിലെ മാറ്റം നല്ലതിനാണെന്നും വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നുവെന്നും ആസിഫ് പറഞ്ഞു. അമ്മയിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നടൻ കൂട്ടിച്ചേർത്തു. സംഘടനയിൽ നിന്നും മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി പറഞ്ഞു.
 
'കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറി നിന്നിരുന്നു. അവരെയും തിരികെ കൊണ്ടുവരണം. അമ്മ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ല', ആസിഫ് അലി പറഞ്ഞു. 
 
നേരത്തെ അമ്മ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും എത്തിയിരുന്നു. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ അമ്മയെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടെ' എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 
 
'അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ', എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
 
അതേസമയം, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് 20 വോട്ടുകൾക്ക് ശ്വേത മേനോൻ വിജയിച്ചു. ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ഒഫീഷ്യലി 'അമ്മ'യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചു. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍