7000 കോടി തട്ടിയെടുത്തത് ആര്? മമ്മൂട്ടി അന്വേഷിക്കും !

വ്യാഴം, 7 മെയ് 2015 (16:37 IST)
വലിയ കൊള്ളക്കാരെയും കൊലപാതകികളെയും പിടികൂടിയ ചരിത്രമുണ്ട് മമ്മൂട്ടിക്ക്. സേതുരാമയ്യര്‍ എന്ന കഥാപാത്രം കൊലയാളികളുടെ പേടിസ്വപ്നമാണ്. ബല്‍‌റാമാകട്ടെ അക്രമികളുടെ എക്കാലത്തെയും ശത്രു. ജോസഫ് അലക്സ് അഴിമതിക്കും അക്രമത്തിനുമെതിരെ പടവാളുയര്‍ത്തിയവന്‍. എങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍. നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍. കുറ്റാന്വേഷകനായി മമ്മൂട്ടിയോളം തിളങ്ങാന്‍ മലയാളത്തില്‍ ആരുണ്ട് വേറെ? !
 
മമ്മൂട്ടി വീണ്ടും കുറ്റാന്വേഷകനാകുകയാണ്. ഇത്തവണ ചെറിയ കേസല്ല. റിസര്‍വ് ബാങ്കില്‍ നിന്ന് 7000 കോടി രൂപയാണ് മോഷ്ടിക്കപ്പെട്ടത്. രാജ്യം നടുങ്ങിയ ഈ സംഭവം അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തുന്നു. ആ കഥാപാത്രമായാണ് മമ്മൂട്ടി വരുന്നത്. അയാളുടെ അന്വേഷണവഴികള്‍ വിചിത്രങ്ങളായിരുന്നു.
 
‘സെവന്‍‌ത് ഡേ’ എന്ന മെഗാഹിറ്റ് ത്രില്ലര്‍ സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പോളും നവാഗതനായ അനസ് ഖാനും ചേര്‍ന്നാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമ സംവിധാനം ചെയ്യുന്നത്. നിര്‍മ്മിക്കുന്നതാകട്ടെ, സി ബി ഐ സിനിമകളുടെ സംവിധായകന്‍ സാക്ഷാല്‍ കെ മധു.
 
ഈ വര്‍ഷം ഒടുവില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ മമ്മൂട്ടിയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡയലോഗുകളും പിരിമുറുക്കം സൃഷ്ടിക്കുന്ന അന്വേഷണ മുഹൂര്‍ത്തങ്ങളുമുള്ള ഒരു ഒന്നാന്തരം ഇന്‍‌വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയിരിക്കും.

വെബ്ദുനിയ വായിക്കുക