100 കോടി ക്ലബില്‍ ‘ഒപ്പം’ ഇടം നേടുമെന്ന് ഉറപ്പായി!

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (17:06 IST)
ഒപ്പത്തിന്‍റെ വിജയഗാഥയുടെ കഥകള്‍ എത്രപറഞ്ഞാലും തീരില്ല. അത്ര ഗംഭീരമായ പ്രകടനമാണ് ചിത്രം ബോക്സോഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വിവരം, ഇപ്പോഴത്തെ നിലയിലുള്ള കളക്ഷന്‍ രീതി തുടര്‍ന്നാല്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായി മാറും ഒപ്പം!
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ആദ്യ മൂന്നുവാരം പിന്നിട്ടപ്പോള്‍ 30 കോടി രൂപയാണ് കേരളത്തില്‍ നിന്നുമാത്രം വാരിക്കൂട്ടിയത്. മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി പിന്നിടുമെന്ന് ഉറപ്പായി. ചിത്രം കേരളത്തില്‍ നിന്ന് മാത്രം 80 കോടിയിലധികം കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും കളക്ഷന്‍ കൂടി ചേരുമ്പോള്‍ ഒപ്പം അനായാസമായി 100 കോടി ക്ലബിലേക്ക് വരും.
 
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും മിന്നുന്ന പ്രകടനമാണ് ഒപ്പം നടത്തുന്നത്. ഒരു മോഹന്‍ലാല്‍ ചിത്രം ചെന്നൈയില്‍ നടത്തുന്ന ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് ഒപ്പത്തിന്‍റേത്. ബോക്സോഫീസില്‍ നാലാം സ്ഥാനത്താണ് തമിഴ്നാട്ടില്‍ ഒപ്പം. ഇരുമുഖന്‍, തൊടരി, ആണ്ടവന്‍ കട്ടളൈ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഒപ്പം ഉയര്‍ത്തുന്നത്.
 
ന്യൂസിലന്‍ഡില്‍ നിന്നുള്ള വാര്‍ത്ത അവിടെ ഒപ്പത്തിന് നിരന്തരം എക്സ്ട്രാ ഷോകള്‍ വേണ്ടിവരുന്നു എന്നാണ്. യുകെയിലും അയര്‍ലന്‍‌ഡിലും ഗംഭീര വരവേല്‍പ്പാണ് ഒപ്പത്തിന്.
 
സാധാരണയായി വാരാന്ത്യങ്ങളില്‍ മാത്രമാണ് ന്യൂസിലന്‍ഡില്‍ മലയാള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ ഉണ്ടാവാറ്‌. അതുകൊണ്ട് തിയേറ്ററുകളിലും വാരാന്ത്യങ്ങളിലേ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുള്ളൂ. എന്നാല്‍ അഭൂതപൂര്‍വമായ ജനത്തിരക്ക് കണക്കിലെടുത്ത് ന്യൂസിലന്‍ഡില്‍ റെഗുലര്‍ ഷോയാണ് ഒപ്പത്തിന് നടത്തുന്നത്.
 
യുകെയിലും അയര്‍ലന്‍ഡിലുമായി 119 കേന്ദ്രങ്ങളിലാണ് ഒപ്പം പ്രദര്‍ശിപ്പിക്കുന്നത്. ഒരു മലയാള ചിത്രം ഇവിടെ ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
Next Article