‘ബാലേട്ടന്‍’ വീണ്ടും! അതേ, ലാലേട്ടന്‍റെ തെലുങ്ക് ബാലേട്ടന്‍ !

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2016 (20:52 IST)
‘ബാലേട്ടന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലും ദേവയാനിയുമായിരുന്നു ജോഡി. പിന്നീട് ‘നരന്‍’ എന്ന ചിത്രത്തിലും ഇരുവരുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയത്തേക്കുറിച്ച് സൂചനകളുണ്ടായിരുന്നു. ഒരുനാള്‍ വരും എന്ന ചിത്രത്തിലും മോഹന്‍ലാലും ദേവയാനിയും ഒന്നിച്ചഭിനയിച്ചു.
 
ഇപ്പോഴിതാ മോഹന്‍ലാലും ദേവയാനിയും വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍ലാലിന്‍റെ ഭാര്യാവേഷത്തിലാണ് ദേവയാനി അഭിനയിക്കുന്നത്. പക്ഷേ, ഇതൊരു തെലുങ്ക് ചിത്രത്തിലാണെന്നുമാത്രം.
 
കോരാട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ജനതാ ഗ്യാരേജ്’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന് ദേവയാനി നായികയാകുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ ആണ് ഈ ചിത്രത്തിലെ മറ്റൊരു താരം. മലയാളത്തിന്‍റെ പ്രിയതാരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ വില്ലന്‍.
 
ദേവിശ്രീപ്രസാദ് സംഗീതം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയും നിത്യാ മേനോനും അഭിനയിക്കുന്നുണ്ട്.