എല്ലാവരുടെയും കണ്ണുകള്‍ 'ഐ'യില്‍ ആണ്. ക്രിസ്മസിന് ചിത്രം പ്രദര്‍ശനത്തിനെത്തുമോ ഇല്ലയോ എന്നതാണ് ചര്‍ച്ച എങ്ങും. ഈ സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്തുതീര്‍ക്കുന്നതിന്‍റെ തിരക്കിലാണ് എ ആര്‍ റഹ്‌മാന്‍. ഷങ്കര്‍ - വിക്രം സിനിമ ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്നതിനിടെ ആരും അറിയാതെ മറ്റൊരു സിനിമ റെഡിയാവുകയാണ്.
വിക്രം തന്നെ നായകനാകുന്ന സിനിമയാണ് അതും. പേര് - 10 എണ്‍റതുക്കുള്ളേ!
10 വരെ എണ്ണുന്നതിനുള്ളില്‍ എന്ത് സംഭവിക്കും എന്നതിന്‍റെ ഡീറ്റയില്‍ഡ് ചിത്രീകരണമുള്ള ഒരു ഗംഭീര ത്രില്ലറാണ് ഈ സിനിമ. 'ഗോലി സോഡ' എന്ന മെഗാഹിറ്റിന് ശേഷം വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 10 എണ്‍റതുക്കുള്ളേ.
ഈ സിനിമയുടെ 85 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ കോയമ്പത്തൂരിലാണ് നടക്കുക. പുനെയില്‍ ഒരു ഐറ്റം നമ്പര്‍ ചിത്രീകരിക്കുന്നുണ്ട്. അവസാന ഷെഡ്യൂള്‍ സിക്കിമില്‍ ചിത്രീകരിക്കും. ഡിസംബറില്‍ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകും.
'ഐ'യുടെ ബഹളത്തിനിടയില്‍ ഇക്കാര്യം ആരും ശ്രദ്ധിച്ചില്ലെന്ന് മാത്രം. 'ഐ' റിലീസായി അധികം താമസിയാതെ തന്നെ വിക്രമിന്‍റെ അടുത്ത സിനിമയും പ്രദര്‍ശനത്തിനെത്തുമെന്ന് സാരം. സമാന്ത നായികയാകുന്ന 10 എണ്‍റതുക്കുള്ളേയില്‍ പശുപതിയാണ് വില്ലന്‍.