മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍, തെന്നിന്ത്യന്‍ സിനിമയിലെ രാജാവായ രജനീകാന്ത്, അഭിനയ ചക്രവര്‍ത്തി കമല്‍, ഷെഹന്‍ഷയായ അമിതാബ് ബച്ചന്‍, ബോളിവുഡിന്റെ അഭിമാനമായ ഖാന്‍ ത്രയം എന്നിവരൊക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്ന് സ്വപ്നം കാണാറുണ്ടല്ലേ? ഇതൊരു നടക്കാത്ത സ്വപ്നമാണെന്ന് കരുതുന്നുവെങ്കില്‍ തെറ്റി.
ബിആര്‍ ഫിലിംസിന്റെ ബാനറില്‍ രവി ചോപ്ര ഒരുക്കുന്ന സിനിമയിലാണ് ഈ താരങ്ങളെല്ലാം ഒന്നിക്കുന്നത്. മഹാഭാരത കഥ സിനിമയാവുന്ന പ്രൊജക്റ്റിനാണ് ഇവരെല്ലാവരും കൈകോര്‍ക്കുന്നത്.
ആര്‍ക്കൊക്കെ എന്തൊക്കെ റോളുകളായിരിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെങ്കിലും ‘ഭീഷ്മ’രുടെ വേഷമാണ് ബച്ചന് വേണ്ടി കരുതിവച്ചിരിക്കുന്നത് എന്നറിയുന്നു. റാണി മുഖര്‍ജിയായിരിക്കും ദ്രൌപദിയുടെ വേഷം കൈകാര്യം ചെയ്യുക. ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും ഇതെന്ന് പറയേണ്ടതില്ലല്ലോ!
ഈ സിനിമയില്‍ വിക്രം, അജിത്, മീരാ ജാസ്മിന്‍, ത്രിഷ, മാധവന്‍, ശ്രേയ, നാഗാര്‍ജുന, ശ്രീദേവി, ധര്‍മ്മേന്ദ്ര, ജാക്കി ഷ്രോഫ്, പ്രീതി സിന്റ, മനോജ് ബാജ്‌പേയി, ജൂഹി ചൌള, മാധുരി ദീക്ഷിത്, കാജോള്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സ്പെഷ്യല്‍ ഗ്രാഫിക്സ് എഫക്റ്റുകളും വന്‍ സെറ്റുകളുമൊക്കെ ഈ ഐതിഹാസിക സിനിമയുടെ പ്രത്യേകതകള്‍ ആയിരിക്കും.
മഹാഭാരത കഥ സിനിമയായി എടുക്കുമ്പോള്‍ മിനിമം ആറ് മണിക്കൂറെങ്കിലും ദൈര്‍ഘ്യം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. അതിനാല്‍ രണ്ട് ഭാഗങ്ങളായി സിനിമ റിലീസ് ചെയ്യാനാണ് രവി ചോപ്ര തീരുമാനിച്ചിരിക്കുന്നത്. അടുത്തടുത്ത വാരങ്ങളില്‍ ഇരുഭാഗങ്ങളുടെയും റിലീസ് നടക്കും.
രാം ഗോപാല്‍ വര്‍മയുടെ കമ്പനി, ആഖ് എന്നീ സിനിമകളിലൂടെ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന നടനാണ് ലാല്‍. കമ്പനിയില്‍ വിവേക് ഒബ്രോയിക്കൊപ്പവും ആഖില്‍ അമിതാബിനൊപ്പവും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയില്‍ അഭിനയ ചക്രവര്‍ത്തിയായ കമലിനോടൊപ്പവും ലാല്‍ മാറ്റുരച്ച് നോക്കിയിട്ടുണ്ട്. ‘മഹാഭാരത’ത്തില്‍ വന്‍ താരങ്ങളുമായി ലാല്‍ ഏറ്റുമുട്ടുന്നത് കൌതുകത്തോടെയാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്.