ലക്ഷ്മി മേനോന്‍ മലയാളത്തില്‍, ദിലീപിന്‍റെ നായിക!

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (17:24 IST)
PRO
കുംകി, സുന്ദരപാണ്ഡ്യന്‍, പാണ്ഡ്യനാട് തുടങ്ങിയ മെഗാഹിറ്റ് തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നായികയാണ് ലക്ഷ്മി മേനോന്‍. മലയാളിയായ ഈ നടി ഇപ്പോള്‍ ഒരു മലയാള ചിത്രത്തിലെ നായികയാകുന്നു.

ദിലീപിന്‍റെ നായികയായാണ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ഈ സിനിമ ആക്ഷന് പ്രാധാന്യമുള്ള ഒരു സോഷ്യല്‍ സറ്റയറാണ്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത് വ്യാസന്‍ എടവനക്കാട്. ക്യാമറ ആര്‍ ഡി രാജശേഖര്‍.

രഘുവിന്‍റെ സ്വന്തം റസിയ, ഐഡിയല്‍ കപ്പിള്‍ എന്നീ മലയാള ചിത്രങ്ങളില്‍ മുമ്പ് ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. തമിഴില്‍ കുംകി വന്‍ ഹിറ്റാകുന്നതോടെയാണ് ലക്ഷ്മിയുടെ ഭാഗ്യമുദിക്കുന്നത്.

നിലവില്‍ മഞ്ഞപ്പൈ, ജിഗര്‍തണ്ഡ, നാന്‍ സിഗപ്പുമനിതന്‍, വസന്തകുമാരന്‍ എന്നീ ബിഗ് ബജറ്റ് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ലക്ഷ്മി മേനോന്‍.