അങ്ങനെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. എം ടി വാസുദേവന്‍ നായരുടെ ക്ലാസിക് നോവലായ രണ്ടാമൂഴം സിനിമയാകുന്നു. 250 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാല്‍ അവതരിപ്പിക്കും. അര്‍ജ്ജുനനായി തമിഴ്നടന്‍ വിക്രമും ഭീഷ്മരായി അമിതാഭ് ബച്ചനും വേഷമിടും. ദ്രൌപദിയായി എത്തുന്നത് സാക്ഷാല്‍ ഐശ്വര്യ റായ്.
പ്രശസ്ത പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ ആണ് രണ്ടാമൂഴത്തിന്‍റെ സംവിധായകന്‍. ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയവരെ വച്ച് കല്യാണ്‍ ജ്യുവലേഴ്സിന്‍റെ പരസ്യങ്ങള്‍ സംവിധാനം ചെയ്തത് ശ്രീകുമാര്‍ ആണ്.
എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കുന്ന രണ്ടാമൂഴത്തിന് കെ യു മോഹനനാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. 2015 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് സാബു സിറിളാണ് കലാസംവിധാനം.
വമ്പന്‍ ഹോളിവുഡ് നിര്‍മ്മാണക്കമ്പനികളുമായി അസോസിയേറ്റ് ചെയ്തുകൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി രണ്ടാമൂഴം പുറത്തിറങ്ങും.