രഞ്ജിത് ആദ്യം വിളിക്കുന്നത് ഫഹദിനെ, ജയറാമിനെയല്ല!

Webdunia
ശനി, 25 ഒക്‌ടോബര്‍ 2014 (19:41 IST)
'ഞാന്‍' എന്ന സിനിമ നിരൂപക പ്രശംസ നേടി. എന്നാല്‍ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. പനോരമ സെലക്ഷന്‍ കിട്ടിയതോടെ സംവിധായകന്‍ രഞ്ജിത് ഹാപ്പിയാണ്.
 
രഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തില്‍ ജയറാമാണ് നായകന്‍ എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജയറാമിനെ നായകനാക്കി രഞ്ജിത് ഒരു സിനിമ ചെയ്യുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ അത് രഞ്ജിത്തിന്‍റെ അടുത്ത സിനിമയല്ല.
 
അടുത്തതായി രഞ്ജിത് ചെയ്യാന്‍ പോകുന്ന പ്രൊജക്ടില്‍ ഹീറോ ഫഹദ് ഫാസിലാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. 
 
അതിന് ശേഷം രഞ്ജിത് - ജയറാം പ്രൊജക്ട് നടക്കും. ഫഹദിനെയോ ജയറാമിനെയോ നായകനാക്കി രഞ്ജിത് ഇതുവരെ സിനിമ സംവിധാനം ചെയ്തിട്ടില്ല. രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പിയില്‍ ചെറിയ വേഷത്തില്‍ ഫഹദ് വന്നിട്ടുണ്ട്. രഞ്ജിത് കൂട്ടിയിണക്കിയ കേരളാ കഫെയിലും ഫഹദ് ഉണ്ടായിരുന്നു.
 
ജയറാമിനെ നായകനാക്കി രഞ്ജിത് ഒട്ടേറെ തിരക്കഥകള്‍ രചിച്ചിട്ടുണ്ട്. എന്തായാലും ഈ രണ്ട് പ്രൊജക്ടുകളും പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്നത് വാസ്തവം.