മൈക്കിള്‍ ഇടിക്കുള സ്നേഹിക്കുന്ന അധ്യാപകന്‍, മോഹന്‍ലാലിന്‍റെ ഗംഭീരപ്രകടനം ഓണത്തിന് കാണാം!

Webdunia
വ്യാഴം, 18 മെയ് 2017 (18:14 IST)
വമ്പന്‍ വിജയങ്ങളുടെ ആഘോഷകാലമാണ് മോഹന്‍ലാലിന്. ഒട്ടേറെ വലിയ പ്രൊജക്ടുകള്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഒടിയനും മഹാഭാരതവും ഷാജി കൈലാസ് ചിത്രവുമൊക്കെ ലിസ്റ്റിലുണ്ട്. ആദ്യമായി ഒരു മോഹന്‍ലാല്‍ - ലാല്‍ ജോസ് ചിത്രം ജനിക്കുന്നു എന്നതും ഏറെ സവിശേഷതകളുള്ള കാര്യം.
 
മറവത്തൂര്‍ കനവ് എന്ന ആദ്യചിത്രത്തിന് ശേഷം ലാല്‍ ജോസ് എപ്പോഴും നേരിടുന്ന ഒരു ചോദ്യമാണ് ‘എപ്പോഴാണ് ഒരു മോഹന്‍ലാല്‍ സിനിമ?’ എന്നത്. അതിനുള്ള ഉത്തരമാകുകയാണ് ഇനിയും പേരിടാത്ത സിനിമ. കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ രചിക്കുന്നത്.
 
ഒരു കോളജിലെ വൈസ്പ്രിന്‍സിപ്പലായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മൈക്കിള്‍ ഇടിക്കുള എന്നാണ് പേര്. വിദ്യാര്‍ത്ഥികളോട് സ്നേഹത്തോടെയും സൌഹൃദത്തോടെയും പെരുമാറുന്ന അധ്യാപകന്‍. കാമ്പസിന്‍റെ രസങ്ങളും പ്രണയവും ത്രില്ലും എല്ലാം അനുഭവിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇത്.
 
വേറൊരു പ്രത്യേകത, ക്ലാസ്മേറ്റ്സിന് ശേഷം ലാല്‍ ജോസ് ഒരു കാമ്പസ് സ്റ്റോറി ഒരുക്കുന്നു എന്നതാണ്. ക്ലാസ്മേറ്റ്സില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമ അധ്യാപകരുടെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത് എന്ന പ്രത്യേകതയുണ്ട്.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പുകള്‍ ഉണ്ടായിരിക്കും. അനൂപ് മേനോന്‍, അലന്‍സിയര്‍, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രേഷ്മ അന്ന രാജനാണ് നായിക. 
Next Article