ചൈതന്യ തമാനെ സംവിധാനം ചെയ്ത മറാത്തി ചിത്രം ‘കോര്‍ട്ട്’ ഇന്ത്യയുടെ ഇത്തവണത്തെ ഓസ്കര്‍ എന്‍ട്രി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള സിനിമ അമോല്‍ പലേക്കര്‍ അധ്യക്ഷനായ ജൂറിയാണ് ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തത്.
ബാഹുബലി, കാക്കാമുട്ടൈ തുടങ്ങിയവ ഉള്‍പ്പെടെയുള്ള 30 സിനിമകളില്‍ നിന്നാണ് കോര്‍ട്ടിനെ ഓസ്കര്‍ മത്സരത്തിനായി അയക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള സിനിമയാണ് കോര്‍ട്ട്.
മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിലേക്കായിരിക്കും കോര്‍ട്ട് മത്സരിക്കുന്നത്. മലയാളത്തിന്‍റെ ഹിറ്റ്‌മേക്കര്‍ കെ മധുവും ജൂറി അംഗമായിരുന്നു.
ഇന്ത്യയില്‍ ഇന്നേവരെ സൃഷ്ടിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍ ഏറ്റവും മികച്ച കോര്‍ട്ട്‌റൂം ഡ്രാമയാണ് കോര്‍ട്ട്. ഒരു നാടോടി സംഗീതകാരന്‍റെ കോടതി വിചാരണയിലൂടെയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്.