മമ്മൂട്ടി യൂണിയനുകളെ കൊല്ലുന്നു

Webdunia
PRO
മലയാള സിനിമാ രംഗത്തെ തൊഴിലാളി യൂണിയനുകളെ ഇല്ലായ്മ ചെയ്യാനാണ് മമ്മൂട്ടി ശ്രമിക്കുന്നതെന്ന് മാക്‌ട ഫെഡറേഷന്‍ പ്രസിഡന്റ്‌ വിനയന്‍ ആരോപിച്ചു. മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഫെഡറേഷനെ നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും വിനയന്‍ പറഞ്ഞു.

കുത്തക കമ്പനിയായ റിലയന്‍‌സ് നിര്‍മിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണ് നായകന്‍. ട്രേഡ് യൂണിയനുകളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കരുത് എന്നാണ് റിലയന്‍സിന്റെ കരാറിലെ ഒരു നിബന്ധന. ഇത്തരമൊരു നിബന്ധന സമ്മതിക്കരുതെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടെങ്കിലും ‘വലിയ കമ്യൂണിസ്റ്റും വിപ്ലവകാരിയുമായ’ മമ്മൂട്ടിയത് ചെവിക്കൊണ്ടില്ല.

മമ്മൂട്ടിയും മമ്മൂട്ടിയുടെ ആജ്ഞാനുവര്‍ത്തികളായ സംവിധായകരും നിര്‍മാതാക്കളും കൂടി ഡ്രൈവറും ലൈറ്റ്‌ ബോയിയും ട്രോളി ഓപ്പറേറ്ററും ഉള്‍പ്പടെയുള്ള സാധാരണ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ട്രേഡ്‌ യൂണിയനുകളില്‍ നിന്നു പിന്തിരിപ്പിക്കുന്ന വിലകുറഞ്ഞ നടപടിയാണ്‌ ചെയ്തുവരുന്നത്.

സൂപ്പര്‍ താരങ്ങളുടെ ഈ താന്തോന്നിത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി, തൊഴില്‍ മന്ത്രി, ലേബര്‍ കമ്മിഷണര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം പരിഹാരം ഉണ്ടാക്കാമെന്ന് എം.എ. ബേബി പറഞ്ഞത് നടന്നില്ലെങ്കില്‍ കേരളത്തില്‍ ഒറ്റ സിനിമപോലും ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും വിനയന്‍ പറഞ്ഞു.