പരാജയത്തിന്‍റെ വരണ്ട കാലം അതിജീവിച്ച് മമ്മൂട്ടി നടന്നുതുടങ്ങിയിരിക്കുന്നു. 'മംഗ്ലീഷ്' അതിന്‍റെ തുടക്കമായിരുന്നു. പിന്നീട് മുന്നറിയിപ്പിലും രാജാധിരാജയിലും മമ്മൂട്ടി വിജയം ആവര്‍ത്തിച്ചു. ഇപ്പോഴിതാ, ന്യൂഡല്‍ഹിയുടെ സ്രഷ്ടാവ് സാക്ഷാല്‍ ജോഷി തന്നെ ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാന്‍ പദ്ധതിയിടുന്നു. അടുത്ത വര്‍ഷം മമ്മൂട്ടി - ജോഷി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. രഞ്ജന്‍ പ്രമോദ് തിരക്കഥ രചിക്കും.
‘നസ്രാണി’യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. ആ സിനിമ ഒരു പരാജയമായിരുന്നു. വീണ്ടും മമ്മൂട്ടിയും ജോഷിയും ഒന്നിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ‘നരന്‍’ എന്ന മെഗാഹിറ്റിന് ശേഷം ജോഷിക്ക് വേണ്ടി രഞ്ജന്‍ പ്രമോദ് എഴുതുന്ന തിരക്കഥയാണിത്. നാട്ടിന്‍പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി ജോഷിയും രഞ്ജനും പ്ലാന്‍ ചെയ്യുന്നത്.
1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ ആണ് മമ്മൂട്ടി - ജോഷി ടീമിന്‍റെ ആദ്യ സിനിമ. അതിന് ശേഷം 20 വര്‍ഷക്കാലം ഈ ടീം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു. കൊടുങ്കാറ്റ്, ഭൂകമ്പം, കോടതി, അലകടലിനക്കരെ, മുഹൂര്‍ത്തം 11.30ന്, മിനിമോള്‍ വത്തിക്കാനില്‍ തുടങ്ങി വമ്പന്‍ ഹിറ്റുകളുടെ നിര.
ശേഷം മമ്മൂട്ടിയും ജോഷിയും ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകളില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചു. നിറക്കൂട്ട് ആയിരുന്നു ആദ്യത്തെ വലിയ വിജയം. ന്യായവിധി, ശ്യാമ, വീണ്ടും തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടെത്തി. ഒടുവില്‍ ന്യൂഡെല്‍ഹി!
സന്ദര്‍ഭം, തന്ത്രം, ദിനരാത്രങ്ങള്‍, സംഘം, നായര്‍സാബ്, മഹായാനം, നമ്പര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, കൌരവര്‍, ധ്രുവം, സൈന്യം, ദുബായ്, പോത്തന്‍ വാവ, ട്വന്‍റി20, നസ്രാണി എന്നിങ്ങനെ മമ്മൂട്ടി - ജോഷി ടീമിന്‍റെ സിനിമകള്‍ തുടരെയെത്തി.
മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് - 34 സിനിമകള്‍. പലതും മെഗാഹിറ്റുകള്‍. ഈ ടീമിന്‍റെ പുതിയ സിനിമ മറ്റൊരു ന്യൂഡെല്‍ഹിയാകുമോ? കാത്തിരിക്കാം.