മമ്മൂട്ടിയെപ്പോലെയാണ് നീക്കം... ഒരു ക്ലാസിക് ചിത്രം... പിന്നെ അടിയും ഡാന്‍സും വെടിവയ്പ്പുമൊക്കെയായി ഒരു പ്രഭുദേവ എന്‍റര്‍ടെയ്നര്‍ !

ചൊവ്വ, 23 ഫെബ്രുവരി 2016 (20:39 IST)
യുവനടന്‍ കാര്‍ത്തി തമിഴ് സിനിമയില്‍ ഇടയ്ക്കിടെ ഹിറ്റുകളും ഇടയ്ക്കിടെ ഫ്ലോപ്പുകളും സൃഷ്ടിക്കുന്ന താരമാണ്. സെലക്ഷന്‍ വളരെ ശ്രദ്ധയോടെയാണെങ്കിലും ചിലത് മാത്രമേ വിജയിക്കാറുള്ളൂ. മലയാളത്തിന്‍റെ മമ്മൂട്ടിയെപ്പോലെയാണ് കാര്‍ത്തി സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ക്ലാസിക് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്നെ അടിപൊളി മാസ് എന്‍റര്‍ടെയ്നറുകളിലും കാര്‍ത്തി ഭാഗമാകുന്നു. 
 
കാര്‍ത്തി അടുത്തതായി അഭിനയിക്കുന്ന മണിരത്നം ചിത്രത്തിലാണ്. അതൊരു പരീക്ഷണ ചിത്രമായിരിക്കുമെന്നും കാര്‍ത്തിക്ക് എന്നും അഭിമാനിക്കാന്‍ തക്ക സിനിമയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രണയവും രാഷ്ട്രീയവുമാണ് ആ ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം.
 
മണിരത്നം ചിത്രത്തിന് ശേഷം പ്രഭുദേവ സംവിധാനം ചെയ്യുന്ന മാസ് എന്‍റര്‍ടെയ്നറിലാണ് കാര്‍ത്തി അഭിനയിക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സൂപ്പര്‍ ഡാന്‍സ് രംഗങ്ങളുമുള്ള ഒരു മസാലച്ചിത്രം തന്നെയായിരിക്കും ഇത്. വാസന്‍ വിഷ്വല്‍ വെഞ്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും. 
 
പോക്കിരി, വില്ല്, വാണ്ടഡ്, ശങ്കര്‍ദാദ സിന്ദാബാദ്, എങ്കേയും കാതല്‍, വെടി, ആര്‍... രാജ്കുമാര്‍, ആക്ഷന്‍ ജാക്സണ്‍, സിംഗ് ഈസ് ബ്ലിംഗ്, രാമയ്യ വാസ്താവയ്യ, റൌഡി റാത്തോഡ് തുടങ്ങി തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ് പ്രഭുദേവ.

വെബ്ദുനിയ വായിക്കുക