മമ്മൂട്ടിക്ക് മോഹന്‍ലാല്‍ വില്ലനാകുന്നു!

വെള്ളി, 21 ഏപ്രില്‍ 2017 (16:08 IST)
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച അമ്പതോളം സിനിമകളുണ്ട്. മമ്മൂട്ടി നായകനായും മോഹന്‍ലാല്‍ വില്ലനായും അഭിനയിച്ച സിനിമകളും അക്കൂട്ടത്തിലുണ്ട്. മമ്മൂട്ടിക്ക് മോഹന്‍ലാല്‍ വില്ലനാകുന്നു എന്നതാണ് പുതിയ വാര്‍ത്ത.
 
ഈ വരുന്ന ഓണക്കാലത്താണ് അത് സംഭവിക്കാന്‍ പോകുന്നത്. മമ്മൂട്ടി - ഉദയ്കൃഷ്ണ - അജയ് വാസുദേവ് ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. അതേസമയത്തുതന്നെ മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ റിലീസാകും.
 
ഉദയ്കൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന അജയ് വാസുദേവ് ചിത്രത്തില്‍ ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ മൂന്ന് നായികമാരാണുള്ളത്.
 
അതേസമയം, ഓണം റിലീസായ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന സിനിമയില്‍ വിശാലാണ് വില്ലനാകുന്നത്.
 
അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടിച്ചിത്രത്തിന് മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ വില്ലനാകുമോ? ഓണക്കാലം വരെ കാത്തിരിക്കാം.

വെബ്ദുനിയ വായിക്കുക