മധുപാല്‍ ചിത്രത്തിന് സമുദ്രക്കനിയുടെ തിരക്കഥ

Webdunia
വെള്ളി, 22 ജൂണ്‍ 2012 (11:42 IST)
PRO
PRO
തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്‍ സജീവമാകുന്നു. ശിക്കാറിലൂടെ മലയാളത്തില്‍ അഭിനേതാവായെത്തിയ സമുദ്രക്കനി അടുത്ത വര്‍ഷം മോഹന്‍‌ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഒരു മലയാള ചിത്രത്തിന് സമുദ്രക്കനി തിരക്കഥയൊരുക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മധുപാലായിരിക്കും ചിത്രം സംവിധാനം ചെയ്യുക.

സമുദ്രക്കനിയുമായി ചേര്‍ന്ന് ഒരു ചിത്രം ഒരുക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മധുപാല്‍ പറഞ്ഞു. തന്റെ കഴിഞ്ഞ സിനിമാസംരഭങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഇതെന്ന് മധുപാല്‍ പറഞ്ഞു. സമുദ്രക്കനിയുമായി ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ചിത്രം മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ച് കഥ പറയുന്ന രീതിയിലായിരിക്കും. ന്യൂ ജനറേഷന്‍ സിനിമയായിരിക്കും ചെയ്യുക. പുതുമുഖങ്ങളായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നും മധുപാല്‍ പറഞ്ഞു.

തമിഴ് എഴുത്തുകാരനായ ബി ജയമോഹന്റെ തിരക്കഥയില്‍ ഒരുക്കിയ ഒഴിമുറി പ്രദര്‍ശനത്തിക്കുന്നതിനുള്ള തിരക്കിലാണ് മധുപാല്‍ ഇപ്പോള്‍. ലാല്‍, ആസിഫ് അലി, ശ്വേതാ മേനോന്‍, പത്മപ്രിയ, ഭാവന എന്നിവരാണ് ഒഴിമുറിയിലെ പ്രധാന താരങ്ങള്‍.