പ്രേമം, തനി ഒരുവന്‍, ഇപ്പോള്‍ വേതാളം - തെലുങ്ക് ‘വേതാള’ത്തില്‍ ചിരഞ്ജീവി?

വെള്ളി, 20 നവം‌ബര്‍ 2015 (15:18 IST)
തെലുങ്കില്‍ നിന്ന് തമിഴിലേക്കും ഹിന്ദിയിലേക്കും തുടര്‍ച്ചയായി ചിത്രങ്ങള്‍ റീമേക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഥ മാറുകയാണ്. തെലുങ്ക് സംവിധായകരും താരങ്ങളും നിര്‍മ്മാതാക്കളും മറ്റ് ഭാഷകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. മറ്റ് ഭാഷകളില്‍ ഒരു നല്ല സിനിമയുണ്ടായാല്‍, ഒരു വലിയ ഹിറ്റ് പിറന്നാല്‍ അതിന്‍റെ അവകാശം വാങ്ങാനുള്ള തിരക്കിലാണ് തെലുങ്ക് സിനിമാലോകം.
 
മലയാളത്തിന്‍റെ ‘പ്രേമം’ തെലുങ്കില്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. നാഗചൈതന്യയാണ് നായകന്‍. തമിഴിലെ ഹിറ്റായ ‘തനി ഒരുവന്‍’ റീമേക്ക് ചെയ്യാനുള്ള അവകാശം രാം ചരണ്‍ തേജ സ്വന്തമാക്കി. ഇപ്പോള്‍ കേള്‍ക്കുന്നത്, തമിഴകം ഇളക്കിമറിക്കുന്ന ബ്രഹ്മാണ്ഡഹിറ്റ് ‘വേതാളം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ്.
 
കഴിഞ്ഞ ദിവസം ചിത്രം കണ്ട മെഗാസ്റ്റാര്‍ ചിരഞ്ജീവി സിനിമ റീമേക്ക് ചെയ്യാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം. അജിത്തിന്‍റെ പ്രകടനം ചിരഞ്ജീവിയെ വല്ലാതെ ആകര്‍ഷിച്ചു. ചിരഞ്ജീവി ഈ സിനിമ റീമേക്ക് ചെയ്യുമോ എന്ന് ഉറ്റുനോക്കുകയാണ് ടോളിവുഡ്. 
 
എന്നാ‍ല്‍ മറ്റൊരു വലിയ താരവും വേതാളത്തിന്‍റെ തെലുങ്ക് റീമേക്കിനായി ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആര്‍ക്കാണ് വേതാളമാകാന്‍ ഭാഗ്യം ലഭിക്കുക എന്ന് കാത്തിരുന്ന് കാണാം. അതേസമയം, 11 ദിവസം കൊണ്ട് 106 കോടി രൂപ കളക്ഷന്‍ നേടി വേതാളം കുതിക്കുകയാണ്.

വെബ്ദുനിയ വായിക്കുക