പുതുവര്‍ഷപ്പുലരിയില്‍ രഞ്ജിത്തിന്‍റെ ലീല !

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2015 (20:53 IST)
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റിന് ശേഷം ലക്ഷണമൊത്ത ഒരു ഹിറ്റ് ചിത്രം രഞ്ജിത്തിന് ലഭിച്ചിട്ടില്ലെന്ന് പറയാം. ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ് എന്നിവ വിജയമായെങ്കിലും രഞ്ജിത് ടച്ച് അകന്നുനിന്ന സിനിമകളാണ് അവ. കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഞാന്‍ എന്നിവ ദയനീയ പരാജയങ്ങളായി. ഇടയ്ക്കെഴുതിയ തിരക്കഥ ‘ബാവുട്ടിയുടെ നാമത്തില്‍’ കഷ്ടിച്ച് രക്ഷപ്പെട്ടു. അടുത്തിടെയിറങ്ങിയ ‘ലോഹം’ നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ലെങ്കിലും രഞ്ജിത്തിന് പേരുദോഷം വരുത്തി.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ‘ലീല’യാണ്. ഉണ്ണി ആര്‍ എഴുതിയ ലീല എന്ന ചെറുകഥയുടെ സിനിമാവിഷ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരെ രഞ്ജിത് ഈ സിനിമയിലേക്ക് നേരത്തേ ആലോചിച്ചതാണ്. എന്നാല്‍ പലകാര്യങ്ങളാല്‍ നടന്നില്ല. എന്തായാലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ ഉപേക്ഷിച്ച് രഞ്ജിത് ഈ സിനിമ ബിജു മേനോനെ നായകനാക്കി ചെയ്യുകയാണ്. ജനുവരി ഒന്നിനുതന്നെ ലീലയുടെ ചിത്രീകരണാം ആരംഭിക്കും. പാര്‍വതി നമ്പ്യാരാണ് ചിത്രത്തില്‍ ലീല എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി അഭിനയിച്ച താരമാണ് പാര്‍വതി നമ്പ്യാര്‍.
 
ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും രചിക്കുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ‘ലീല’. കഥയില്‍ നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങളൊക്കെ ഈ സിനിമയുടെ തിരക്കഥയില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ലീല’ എങ്ങനെ എക്സിക്യൂട്ട് ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നതോടെയാണ് ഏറെ ആലോചനകള്‍ക്ക് ശേഷം പ്രൊജക്ട് നീട്ടിവച്ചത്. ‘കുട്ടിയപ്പന്‍’ എന്ന നായകകഥാപാത്രമാണ് ബിജുമേനോന്‍.
 
സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയാണ് ലീല. കുട്ടിയപ്പന്‍ എന്ന എക്സന്‍ട്രിക് ക്യാരക്ടര്‍ തന്‍റെ ലൈംഗിക പരീക്ഷണത്തിനായി അവളെ സ്വന്തമാക്കുകയാണ്. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ അവളെ നഗ്‌നയാക്കി നിര്‍ത്തി ഭോഗിക്കണമെന്നാണ് അയാളുടെ ആഗ്രഹം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര്‍ എഴുതിയ കഥയുടെ പ്രമേയം ഇങ്ങനെയാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് ഇവ പ്രധാന ലൊക്കേഷനുകളാകും.