നിവിന്‍ പോളി തളത്തില്‍ ദിനേശന്‍, നയന്‍‌താര ശോഭ !

Webdunia
ശനി, 8 ജൂലൈ 2017 (17:10 IST)
പൊട്ടിച്ചിരിപ്പിക്കാന്‍ തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു. എന്നാല്‍ ഇത്തവണ ശ്രീനിവാസനല്ല തളത്തില്‍ ദിനേശനാകുന്നത്. നിവിന്‍ പോളിക്കാണ് ആ മഹാഭാഗ്യം. അതുപോലെ, ശോഭയാകുന്നത് പാര്‍വതിയുമല്ല. തെന്നിന്ത്യയുടെ താരറാണി നയന്‍‌താരയാണ് പുതിയ ശോഭയാകുന്നത്. ചിത്രത്തിന് പേര് - ലവ് ആക്ഷന്‍ ഡ്രാമ!
 
ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസാണ്. തളത്തില്‍ ദിനേശനെന്നും ശോഭയെന്നുമാണ് കേന്ദ്ര കഥാപാത്രങ്ങളുടെ പേരെങ്കിലും ചിത്രം വടക്കുനോക്കിയന്ത്രത്തിന്‍റെ രണ്ടാം ഭാഗമോ ആ ചിത്രവുമായി എന്തെങ്കിലും ബന്ധമോ ഉണ്ടാവില്ല. ഈ സിനിമയിലെ ദിനേശനും അല്‍പ്പം അപകര്‍ഷതാ ബോധമൊക്കെയുള്ള ആളാണ്. കഥ പൂര്‍ണമായും ചെന്നൈയിലാണ് നടക്കുന്നത്.
 
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ധ്യാന്‍ എഴുതിത്തുടങ്ങിയ കഥയാണിത്. ഇടയ്ക്ക് ഇത് ഒരു ഷോര്‍ട്ട് ഫിലിമായും ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, തട്ടത്തിന്‍ മറയത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ഈ സിനിമ ലോഞ്ച് ചെയ്യുകയാണ്.
 
ശ്രീനിവാസന്‍ ഈ സിനിമയില്‍ അഭിനയിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹത്തോട് കഥ പറഞ്ഞിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.
Next Article