ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ

ഞായര്‍, 27 മാര്‍ച്ച് 2016 (12:27 IST)
അറുപത്തി മൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചിരുന്നത്. ഇതില്‍ പത്തെണ്ണമാണ് അവസാന റൗണ്ടില്‍ എത്തിയത്. മൂന്ന് അവാര്‍ഡ് കമ്മിറ്റികളും പുരസ്‌കാരം നിര്‍ണ്ണയിക്കുന്നതിനായുള്ള അവസാനഘട്ട യോഗം ഇന്ന് ചേരും.
 
ഈ വര്‍ഷം 308 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണനയില്‍ ഉള്ളത്. പ്രശസ്ത സംവിധായകന്‍ രമേഷ് സിപ്പിയാണ് കഥാചിത്ര വിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. ഒഴിവു ദിവസത്തെ കളി, പത്തേമാരി, കഥാന്തരം, ലുക്കാ ചുപ്പി, ചായം പൂശിയ വീട് തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്‍. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ചാര്‍ലി’ മത്സരരംഗത്തില്ല. മത്സരത്തിന് ചിത്രം അയക്കേണ്ട തീയതി സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ അവ്യക്തതയാണ് ചാര്‍ലിയുടെ അവസരം പാഴാക്കിയത്.
 
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു ശേഷം മാത്രമേ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അപേക്ഷകള്‍ പരിഗണിക്കൂ എന്ന തെറ്റിദ്ധാരണയാണ് ചാര്‍ലിക്ക് വിനയായത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചാര്‍ലി നേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക