'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന ജാപ്പനീസ് നോവലിന്‍റെ കോപ്പിയാണ് 'ദൃശ്യം' എന്ന ആരോപണത്തിന് ആ സിനിമ ഇറങ്ങിയ അത്രയും നാളത്തെ പഴക്കമുണ്ട്. സസ്പെക്‍ട് എക്സിന്‍റെ ഹിന്ദി റീമേക്ക് അവകാശം ഏക്താ കപൂര്‍ വാങ്ങുകയും സുജോയ് ഘോഷിന്‍റെ സംവിധാനത്തില്‍ സെയ്ഫ് അലി ഖാനെ നായകനാക്കി പ്രൊജക്ട് പ്ലാന്‍ ചെയ്യുകയും ചെയ്തു. ഏക്ത തന്നെ ദൃശ്യം കോപ്പിയടിയാണെന്ന ആരോപണവുമായി നിയമയുദ്ധത്തിനൊരുങ്ങുക വരെ ചെയ്തു.
അടുത്തകാലം വരെ 'ദൃശ്യം' ഹിന്ദി റീമേക്ക് താന്‍ സംവിധാനം ചെയ്യുന്നില്ല എന്ന നിലപാടിലായിരുന്നു ജീത്തു ജോസഫ്. എന്തായാലും ഇപ്പോല്‍ അന്തിമമായി ജീത്തു തീരുമാനിച്ചിരിക്കുന്നു, ദൃശ്യം ഹിന്ദിയില്‍ ഒരുക്കുക തന്നെ.
ഒരു വെല്ലുവിളി പോലെ തന്നെയാണ് ജീത്തു ജോസഫിന്‍റെ നീക്കം. സസ്പെക്ട് എക്സിന്‍റെ ഹിന്ദി റീമേക്ക് സംഭവിക്കട്ടെ, ദൃശ്യത്തിന്‍റെ ഹിന്ദി റീമേക്കുമായി താനും കളത്തില്‍ കാണും - എന്ന രീതിയില്‍.
മലയാളത്തില്‍ മോഹന്‍ലാല്‍, തമിഴില്‍ കമല്‍ഹാസന്‍, തെലുങ്കില്‍ വെങ്കിടേഷ്, കന്നഡയില്‍ രവിചന്ദ്രന്‍ - ദൃശ്യത്തിന് ഓരോ ഭാഷയിലും അവിടത്തെ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഹിന്ദി ദൃശ്യത്തില്‍ ആമീര്‍ഖാന്‍ അഭിനയിക്കുമെന്ന സൂചനകള്‍ വരുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ റീമേക്ക് ചരിത്രമായി ദൃശ്യം മാറുമെന്ന് ഉറപ്പ്.