ദുല്‍ക്കര്‍ സല്മാന് തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാറായി മാറുകയാണ്. വിവിധ ഭാഷകളിലെ വലിയ സംവിധായകര്‍ ദുല്‍ക്കറിന്റെ ഡേറ്റിനായി കാത്തുനില്ക്കുന്നു. മലയാളത്തില്‍ ദുല്‍ക്കര്‍ ഇനി അഭിനയിക്കാന്‍ പോകുന്നത് മാര്ട്ടിന് പ്രക്കാട്ടിന്റെ സിനിമയിലാണ്. അതിനുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും.
ദുല്‍ക്കറിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രത്തെയാണ് അമല്‍ നീരദ് തയ്യാറാക്കിയിരിക്കുന്നത്. ഒരു നര്‍ത്തകനായാണ് ദുല്‍ക്കര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. പത്തിലധികം ഡാന്‍സ് രംഗങ്ങളായിരിക്കും ദുല്‍ക്കറിന് ഈ ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിവരികയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മ്യൂസിക്കല്‍ എന്റടെയ്നറായ സിനിമയിലെ മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.
അതേസമയം, രജനികാന്തിന്റെ ഷങ്കര്‍ പ്രൊജക്ടില്‍ ദുല്‍ക്കര്‍ സല്‍മാനും അഭിനയിക്കാന്‍ സാധ്യതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്.