ജോലിഭാരവും ഭക്‍ഷ്യവിഷബാധയും: മുരുഗദോസ് ആശുപത്രിയില്‍

Webdunia
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (14:33 IST)
തമിഴകത്തെ സൂപ്പര്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആശുപത്രിയില്‍. അമിത ജോലിഭാരവും ഭക്‍ഷ്യവിഷബാധയുമാണ് മുരുഗദോസിന് വിനയായത്. വിജയ് നായകനാകുന്ന 'കത്തി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്.
 
അഡയാറിലെ മലര്‍ ആശുപത്രിയിലാണ് മുരുഗദോസിനെ പ്രവേശിപ്പിച്ചത്. ദീപാവലിക്ക് 'കത്തി' പ്രദര്‍ശനത്തിനെത്തിക്കാനുള്ള കടുത്ത പരിശ്രമത്തിലായിരുന്നു അദ്ദേഹം. അമിതമായി ജോലി ചെയ്തതുകാരണം രക്തസമ്മര്‍ദ്ദം താഴ്ന്നു. ഭക്‍ഷ്യവിഷബാധ കൂടി ഏറ്റതോടെ അദ്ദേഹം അവശനിലയിലായി.
 
എന്നാല്‍ ഷൂട്ടിംഗ് തുടരാന്‍ തന്നെയായിരുന്നു മുരുഗദോസിന്‍റെ തീരുമാനം. താരങ്ങളുടെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
രണ്ടുദിവസത്തേക്ക് പരിപൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ലഭിച്ച മുരുഗദോസ് സാലിഗ്രാമത്തെ വീട്ടില്‍ വിശ്രമത്തിലാണ്.