ഗ്ലാമര്‍ നായിക ബാബിലോണയുടെ ചേട്ടന്‍ ജയിലില്‍!

Webdunia
ബുധന്‍, 6 ജനുവരി 2010 (10:26 IST)
PRO
PRO
തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമര്‍ നായികയായി അഭിനയിക്കുന്ന ബാബിലോണയുടെ മൂത്ത സഹോദരനായ വിക്കി കുടിച്ച് ബഹളമുണ്ടാക്കുകയും ഒരു വൃദ്ധനെ അടിച്ചവശനാക്കുകയും ചെയ്തതിന് ചെന്നൈയില്‍ അറസ്റ്റിലായി.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വടപഴനിയിലാണ് വിക്കി കുടിച്ച് കൂത്താടിയത്. മദ്യപിച്ച്, കാലുറയ്ക്കാത്ത വിധം പുറത്തിറങ്ങിയ വിക്കി കണ്ണില്‍ കണ്ടവരെ അസഭ്യം പറഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ സമയത്ത് പാല് വാങ്ങാനായി വീട്ടിനകത്ത് നിന്ന് പുറത്തുവന്ന ഒരു വൃദ്ധനെ വിക്കി ചവുട്ടി താഴെയിടുകയായിരുന്നുവെത്രെ. തുടര്‍ന്ന് വൃദ്ധനെ വിക്കി തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു.

വൃദ്ധനെ വിക്കി മര്‍ദ്ദിച്ചവശനാക്കുന്നത് കണ്ടുനിന്ന ആരോ പൊലീസിന് ഫൊണ്‍ ചെയ്യുകയും പൊലീസ് പാഞ്ഞെത്തി വിക്കിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യലഹരിയില്‍ പൊലീസിനെ അസഭ്യം പറഞ്ഞതിന് സ്റ്റേഷനില്‍ എത്തിയയുടന്‍ പൊലീസുകാര്‍ വിക്കിയെ നല്ലവണ്ണം പെരുമാറി എന്നാണ് അറിയുന്നത്. ചൊവ്വാഴ്ച വിക്കിയെ കോടതിയില്‍ ഹാജരാക്കുകയും കോടതി ആവശ്യപ്പെട്ട പ്രകാരം ജയിലില്‍ തള്ളുകയും ചെയ്തു.

ബാബിലോണയുടെ സഹോദരനെ ഇതാദ്യമായല്ല പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിക്കിക്കെതിരായി ചെന്നൈയില്‍ വിരുഗം‌ബാക്കം പൊലീസ് സ്റ്റേഷനില്‍ പല കേസുകളും നിലവിലുണ്ട്. പലപ്പോഴായി പൊലീസ് വിക്കിക്ക് മുന്നറിയിപ്പ് നല്‍‌കുകയും ചെയ്തിരുന്നു. ഇതൊന്നും കാര്യമാക്കാതെ, നിര്‍ബാധം വിക്കി ‘വിഹാരം’ തുടരുകയും അവസാനം ജയിലില്‍ പോകേണ്ടി വരികയും ചെയ്തു.

വിക്കി മദ്യപിച്ച് വരുന്ന സമയത്ത് നാട്ടുകാര്‍ വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് വടപളനി നിവാസികള്‍ പരാതി പറയുന്നു. വഴിയാത്രക്കാരെ ഉപദ്രവിക്കുക, അസഭ്യം പറയുക തുടങ്ങിയ ‘കലാപരിപാടികള്‍’ ഹോബിയാക്കിയ വിക്കിയെ ഗുണ്ടാനിയമത്തിന് കീഴില്‍ നീണ്ടകാലത്തേക്ക് ജയിലില്‍ അടക്കണമെന്നാണ് ഇവരുടെ ആവശ്യം. സഹോദരനെ അറസ്റ്റ് ചെയ്തതിനെ പറ്റി ബാബിലോണ ഇതുവരെ പ്രതികരിച്ചിട്ടില്ല.