ഡിസംബര്‍ 20ന് പ്രദര്‍ശനത്തിനെത്തുകയാണ് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലും അമല പോളുമാണ് ജോഡി. അമല പോള്‍ ഈ ചിത്രത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്തു എന്ന പ്രത്യേകതയുമുണ്ട്.
ഒരു റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്നര്‍ എന്നാണ് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെ അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശികനേതാവായ അയ്മനം സിദ്ദാര്‍ത്ഥന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഒരു ഫോണ്‍കോളില്‍ നിന്നാണ് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന സിനിമ ജനിക്കുന്നത്. “ഫെബ്രുവരിയില്‍ സത്യേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. ആ സമയത്ത് എന്‍റെ കൈയില്‍ കഥയില്ലായിരുന്നു. എന്നാല്‍ സത്യേട്ടന്‍റെ വിളി എനിക്ക് അനുഗ്രഹവും എനര്‍ജിയും നല്‍കി. ആ വിളി ഒരു കഥയുണ്ടാക്കാനുള്ള ഊര്‍ജ്ജം എനിക്ക് തന്നു” - തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
“ഈ സിനിമയ്ക്ക് വേണ്ടി ഒരു കഥാപാത്രമാണ് ആദ്യം ഉണ്ടായത്. അയ്മനം സിദ്ദാര്‍ത്ഥന്‍ എന്ന ക്യാരക്ടറിനെക്കുറിച്ചാണ് സത്യേട്ടനോട് ആദ്യം പറഞ്ഞത്. കഥാപാത്രത്തെ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെ മുന്നോട്ടുപോയി. അങ്ങനെയാണ് കഥയുണ്ടായത്” - ഇക്ബാല്‍ കുറ്റിപ്പുറം വ്യക്തമാക്കി.
കാനഡയില്‍ നിന്ന് കേരളത്തിലെത്തുന്ന ഐറിന്‍ ഗാര്‍ഡ്നര്‍ എന്ന കനേഡിയന്‍ സിറ്റിസണ്‍ഷിപ്പുള്ള മലയാളിയായാണ് അമല പോള്‍ ഈ സിനിമയില്‍ വേഷമിടുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് വിദ്യാസാഗറാണ് സംഗീതമൊരുക്കുന്നത്.