കോടികളുടെ പ്രതികാരം; പൃഥ്വിക്കും ദുല്‍ക്കറിനും നിവിന്‍ പോളിക്കും ഭീഷണിയുയര്‍ത്തി ഫഹദ് ഫാസില്‍ !

വ്യാഴം, 31 മാര്‍ച്ച് 2016 (16:02 IST)
ഫഹദ് ഫാസില്‍ ചിത്രം ‘മഹേഷിന്‍റെ പ്രതികാരം’ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററാണ്. നിര്‍മ്മാണച്ചെലവ് വച്ചുനോക്കിയാല്‍ അടുത്തകാലത്ത് നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്ത സിനിമ. ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്ന എല്ലാ സെന്‍ററുകളിലും എല്ലാ ഷോയ്ക്കും ഹൌസ് ഫുള്‍ ബോര്‍ഡ് തൂങ്ങുന്നു.
 
കേരളത്തിലെമ്പാടുമായി മഹേഷിന്‍റെ പ്രതികാരം 13000 ഷോകള്‍ പിന്നിട്ടുകഴിഞ്ഞു. കേരളത്തിലെ മാത്രം ഗ്രോസ് കളക്ഷന്‍ 14 കോടിയും കടന്ന് കുതിക്കുന്നു. കേരളത്തിനുപുറത്തും ചിത്രം മിന്നുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
 
ഇടക്കാലത്ത് തീരെ മങ്ങിപ്പോയ ഫഹദ് ഫാസിലിന്‍റെ ഗംഭീര തിരിച്ചുവരവായിരുന്നു ഈ സിനിമ. ഇനിമുതല്‍ വളരെ കരുതലോടെ ഓരോ ചുവടും മുന്നോട്ടുവച്ചാല്‍ മതിയെന്നാണ് ഫഹദ് തീരുമാനിച്ചിരിക്കുന്നത്.
 
യുവതാരങ്ങളില്‍ പൃഥ്വിരാജിനും ദുല്‍ക്കറിനും നിവിന്‍ പോളിക്കും ഫഹദ് ഫാസിലിനേക്കാള്‍ കുറച്ചുകൂടി കൊമേഴ്സ്യല്‍ ചിന്തയുണ്ടായിരുന്നു. എന്നാല്‍ മഹേഷിന്‍റെ പ്രതികാരത്തോടെ കോടികള്‍ വാരുന്ന ബോക്സോഫീസ് മത്സരത്തിന് ഫഹദും കച്ചമുറുക്കിക്കഴിഞ്ഞു. ഇനി പൃഥ്വിയും നിവിന്‍ പോളിയും ദുല്‍ക്കറും അല്‍പ്പം കരുതലോടെ നീങ്ങേണ്ടകാലം.

വെബ്ദുനിയ വായിക്കുക