കലാഭവന്‍ മണിയും വിക്രമും ചെയ്തത് മറക്കാം, ഇനി മോഹന്‍ലാലിന്‍റെ അത്ഭുതപ്രകടനം, അടുത്ത ദേശീയ പുരസ്കാരത്തിനായി മഹാനടന്‍ !

ബുധന്‍, 13 ജനുവരി 2016 (20:02 IST)
‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ അന്ധനായി അഭിനയിച്ച് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് കലാഭവന്‍ മണി. ആ ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ‘കാശി’യില്‍ വിക്രമും ആ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട്. അതൊക്കെ മറക്കാമെന്ന് ചിന്തിപ്പിക്കുന്ന ഒരു സിനിമ വരുന്നു. അതും മോഹന്‍ലാല്‍ ചിത്രം!
 
അതേ, മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്നു. ‘ഒപ്പം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍. അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് സിനിമാലോകത്തുനിന്ന് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ട്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.
 
അന്ധനായ നായകന്‍ ഒരു കൊലപാതകം നടത്തിയതായി ആരോപണം ഉയരുന്നു. തുടര്‍ന്ന് നിയമവും കൊല്ലപ്പെട്ടയാളുടെ ആളുകളും ഈ അന്ധനെ കുടുക്കാന്‍ വലമുറുക്കുന്നു. ഗത്യന്തരമില്ലാതെ, യഥാര്‍ത്ഥ കുറ്റവാളിയെ തേടി ഈ അന്ധന്‍ ഇറങ്ങിത്തിരിക്കുന്നു. സംഭ്രമജനകമായ ഈ കഥയില്‍ മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. 
 
നവാഗതനായ ഗോവിന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഒപ്പത്തിലെ വില്ലന്‍ സമുദ്രക്കനിയാണ്. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒരുമിക്കുന്ന സിനിമയാണ് ഒപ്പം. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് കൊച്ചിയും ഊട്ടിയുമാണ് പ്രധാന ലൊക്കേഷനുകള്‍. 
 
നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. ഗുരു, യോദ്ധ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അന്ധകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
 
‘ഒപ്പ’ത്തിലൂടെ മോഹന്‍ലാലിന് വീണ്ടും ദേശീയതലത്തില്‍ പുരസ്കാരങ്ങള്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക