ഒപ്പന - ആഷിക് അബുവിന്‍റെ പുതിയ സിനിമ!

Webdunia
തിങ്കള്‍, 3 മാര്‍ച്ച് 2014 (17:46 IST)
PRO
ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒപ്പന’ എന്ന് പേരിട്ടു. സ്ത്രീ കേന്ദ്രീകൃതമായ ഒരു ചിത്രമായിരിക്കും ഇത്. റിമ കല്ലിങ്കല്‍ ആണ് നായിക. 22 ഫീമെയില്‍ കോട്ടയത്തിന് ശേഷം റിമയെ നായികയാക്കി ആഷിക് എടുക്കുന്ന ഫീമെയില്‍ ഓറിയന്‍റഡ് ചിത്രമാണിത്.

‘മാഹിയിലെ പെണ്ണുങ്ങള കണ്ടിക്കാ’ എന്ന നാടന്‍ പാട്ടിനെ ആധാരമാക്കിയാണ് ‘ഒപ്പന’ ഒരുക്കുന്നത്. വളരെ രസകരമായ, ഒപ്പനയുടെയും നാടന്‍‌പാട്ടിന്‍റെയും താളത്തിനൊത്ത ഒരു സിനിമ ഒരുക്കാനാണ് ആഷിക് ശ്രമിക്കുന്നത്. ‘ആമേന്‍’ എന്ന സിനിമയുടെ ജോണറില്‍ ഒരു സിനിമയായിരിക്കും ഇതെന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ബിജിബാലിന്‍റേതാണ് ഒപ്പനയുടെ സംഗീതം. ആഷിക്കിന്‍റെ എല്ലാ സിനിമകള്‍ക്കും സംഗീതം ബിജിബാല്‍ വകയായിരുന്നു. വേണുഗോപാല്‍ രാമചന്ദ്രനാണ് ഒപ്പനയുടെ രചന.

ഇപ്പോള്‍ മമ്മൂട്ടിച്ചിത്രമായ ഗ്യാംഗ്സ്റ്ററിന്‍റെ ഷൂട്ടിംഗിലാണ് ആഷിക് അബു. അതിന്‍റെ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ ‘ഒപ്പന’ തുടങ്ങാനാണ് പരിപാടി.