എങ്ങനാ, നല്ല സ്റ്റോറിയുള്ള കഥയാണോ? - ഫഹദ് ഫാസില്‍ ഇതെന്താണ് ചെയ്യുന്നത്!

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2015 (16:50 IST)
ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് മണ്‍‌സൂണ്‍ മാംഗോസ്. ‘അക്കരക്കാഴ്ചകള്‍’ എന്ന ടെലി സീരിയലിലൂടെ പ്രശസ്തനായ എബി വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്ക തന്നെയാണ് സിനിമയുടെ പശ്ചാത്തലം. സിനിമയ്ക്കുള്ളിലെ സിനിമയാണ് പ്രമേയം.
 
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത, പരീക്ഷിച്ചിട്ടില്ലാത്ത ഒരു സബ്‌ജക്ട് സിനിമയാക്കാന്‍ നടക്കുന്ന ഒരു യുവാവിന്‍റെ ജീവിതം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് മണ്‍‌സൂണ്‍ മാംഗോസ്. ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോഴും നായകന്‍ സിനിമാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
 
വിനയ് ഫോര്‍ട്ട്, ടോവിനോ തോമസ്, തമ്പി ആന്‍റണി, നന്ദു, ഗ്രിഗറി, ഐശ്വര്യ മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം വിജയ് റാസ് ആണ് മറ്റൊരു പ്രധാന താരം. 
 
ബുര്‍ബോണ്‍ സ്ട്രീറ്റ് എന്നയിരുന്നു ചിത്രത്തിന് ആദ്യമിട്ട പേര്. പിന്നീട് ‘ഞാന്‍ ഡി പി പള്ളിക്കല്‍’ എന്ന് മാറ്റി. ഒടുവില്‍ മണ്‍‌സൂണ്‍ മാംഗോസ് എന്ന് മാറ്റുകയായിരുന്നു.
 
ഡോണ്‍ മാക്സ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന് ജെയ്ക്സ് ബിജോയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ലൂക്കാസ് പ്രച്നിക് ആണ് ക്യാമറ. 
 
അമേരിക്കയില്‍ ജീവിച്ച് മലയാളികളെയാകെ കുടുകുടെ ചിരിപ്പിച്ച അക്കരെക്കാഴ്ചകള്‍ എടുത്ത എബി വര്‍ഗീസ് തന്‍റെ യഥാര്‍ത്ഥ ജീവിതത്തോട് സാദൃശ്യമുള്ള ഒരു പ്രമേയമാണ് ഈ സിനിമയിലൂടെ പറയുന്നത്.