ഋതുപര്‍ണ സെന്‍ മലയാളത്തില്‍

Webdunia
ബുധന്‍, 8 ജൂലൈ 2009 (18:23 IST)
പ്രശസ്ത ബംഗാളി നടി ഋതുപര്‍ണ സെന്‍ മലയാളത്തില്‍ അഭിനയിക്കുന്നു. ശശി പരവൂര്‍ സംവിധാനം ചെയ്യുന്ന കടാക്ഷം എന്ന ചിത്രത്തിലൂടെയാണ് ഋതുപര്‍ണ മലയാളത്തിലെത്തുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍.

ജാനകി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഋതുപര്‍ണ സെന്‍ അവതരിപ്പിക്കുന്നത്. ചിത്രകാരനായ നാഥന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇരുവരുമൊന്നിച്ചുള്ള ഒരു ഗാനരംഗം ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.
PROPRO

“പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ രസത്തെ...” എന്ന പ്രശസ്തമായ കവിത കടാക്ഷത്തിലൂടെ വീണ്ടും അവതരിക്കും. ഈ ഗാനരംഗത്ത് സുരേഷ്ഗോപിയും ഋതുപര്‍ണയും ചേര്‍ന്ന് ശൃംഗാരത്തിന് പുതിയ ഭാഷ്യം രചിക്കും. ഏണിപ്പടികള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ഈ കവിത മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ മാസം 15ന് കുട്ടിക്കാനത്ത് ആരംഭിക്കുന്ന കടാക്ഷത്തിന്‍റെ നിര്‍മ്മാതാവ് എ വി അനൂപാണ്.

ദേശീയ ബഹുമതികള്‍ ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഋതുപര്‍ണ സെന്നിന് ‘കടാക്ഷ’ത്തെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നര്‍ത്തകി, പൊതുപ്രവര്‍ത്തക, കോളമിസ്റ്റ് എന്നീ നിലകളിലും ഋതുപര്‍ണ പ്രശസ്തയാണ്. ദഹന്‍, ഉസ്താദ്, പരോമിതര്‍ ഏക് ദിന്‍, മൊന്ദോ മെയര്‍ ഉപാഖ്യാന്‍, ചതുരംഗ, മേം ഒസാമ, ചന്ദര്‍ ബാരി, അനുരണന്‍, തപസ്യ, മോഹിനി, മിസ് മൈത്രേയീ, സതി തുടങ്ങിയവയാണ് ഋതുപര്‍ണ സെന്നിന്‍റെ പ്രശസ്ത ചിത്രങ്ങള്‍.

കാറ്റു വന്നു വിളിച്ചപ്പോള്‍, നോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശശി പരവൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കടാക്ഷം.